
അപൂർവ ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നു എന്നതാണ് ശബരിമല ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. അത് വൈഷ്ണോ ദേവീ ക്ഷേത്രം പോലയോ തിരുപ്പതി പോലയോ അല്ല. ലക്ഷണക്കിന് ഭക്തർ 41 ദിവസത്തെ കഠിന വ്രതം നോറ്റ് കാത്തിരുന്ന് മലകയറി സ്വാമിയെ തൊഴുത് മടങ്ങുന്നുവെന്നതാണ് പ്രത്യേകത. ഇത്ര ദീർഘമായ വ്രതം നോൽക്കുന്നത് മണ്ഡലകാലപുണ്യം നുകരാനാണ്. ആ ഭക്തരോടാണ് ഓൺലൈൻ ബുക്കിംഗ് എന്നപേരിൽ ദേവസ്വം ബോർഡും സർക്കാരും ക്രൂരതകാട്ടുന്നത്.
പലസ്ഥലത്ത് നിന്ന് വരുന്നവർക്ക് ശബരീശനെ തൊഴാൻ കഴിയാതെ വന്നാൽ അത് ഭക്തരോട് ചെയ്യുന്ന തെറ്റാവും. കഴിഞ്ഞതവണ അത് കണ്ടതാണ്. പമ്പയിലെത്തി മാലയൂരി തിരികെ മടങ്ങിയ ഭക്തരുടെ വേദന നമ്മൾ അറിഞ്ഞു. 2018 ന് മുൻപ് വരെ ഒരു കോടിയോളം പേർ വരെ ശബരിമലയിൽ വന്ന് സുഗമമായി തൊഴുതുമടങ്ങിയ ചരിത്രമുണ്ട്. എന്നാൽ സുപ്രീംകോടതിവിധി തിരക്കിട്ട് നടപ്പാക്കി ആചാര ലംഘനം നടത്തിയത് ഉൾപ്പെടെ ബോധപൂർവമായ ഇടപെടലുകൾ ശബരിമലയിൽ സർക്കാർ നടത്തി. ഇപ്പോൾ ബോർഡിന്റെ ആവശ്യമില്ലാത്ത നിയന്ത്രണം കാരണം മാലയിട്ടവർക്ക് വരാൻ കഴിയാത്ത അവസ്ഥയാകും.
സ്പോട്ട് ബുക്കിംഗ് അവസാനിപ്പിച്ച് ഓൺലൈൻ ബുക്കിംഗ് മതിയെന്ന് സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുകയാണ്. പ്രായോഗികത പോലും പഠിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ഭക്തർ ശബരിമലയിൽ എത്തുന്നുണ്ട്. രാജ്യത്തെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ വരെയുണ്ട്. ഇവരിൽ ഏറെപ്പേരും ഇന്റർനെറ്റ് സാക്ഷരതയില്ലാത്തവരാണ്. വ്രതം നോറ്റ് മാലയിട്ട് വന്നാൽ അവരെ മലകയറ്റി വിടില്ല. നിരാശയോടെ മടങ്ങേണ്ടി വരും. പ്രായമായവർക്കും ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അറിവില്ല. പരമ്പരാഗത കാനന പാതയിലൂടെ നടന്നുവരുന്ന ഭക്തരും ഓൺലൈനിൽ ബുക്ക് ചെയ്യാറില്ല. ഈ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് കൂടി നടപ്പാക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് പലവിധമുള്ള വരുമാനമെത്തുന്നതിന്റെ പ്രധാന പങ്ക് ശബരിമല സീസൺ കാലമാണ്. ഓൺലൈൻ ബുക്കിംഗ് മാത്രം ഏർപ്പെടുത്തിയാൽ ഭക്തരുടെ വരവും വരുമാനവും കുറയും.
ഉയരണം പ്രതിഷേധം
ശബരിമലയിൽ അനാവശ്യമായി സർക്കാർ ഇടപെടുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നുവരണം. സ്ത്രീ പ്രവേശനത്തിലൂടെ ആചാര ലംഘനം നടത്തിയ സർക്കാരിനെ അന്ന് നിലയ്ക്ക് നിറുത്തിയത് നിഷ്കളങ്ക ഭക്തരുടെ പ്രതിഷേധമാണ്. ഹൈന്ദവ സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലുള്ള ഇടപെടലിനെ ഗൗരവമായി കാണണം. ഇപ്പോൾ വീണ്ടും ശബരിമല വിഷയം അനാവശ്യമായി ഉയർത്തിക്കൊണ്ടു വരുന്നത് സർക്കാർ പ്രതിരോധത്തിലായ സമകാലീന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോയെന്ന് സംശയിക്കേണ്ടതുണ്ട്. നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയുമെന്നാണ് പ്രതീക്ഷ.
( യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകൻ)