elephant

മുണ്ടക്കയം: കാട്ടാനക്കൂട്ടം സംഹാരതാണ്ഡവമാടുമ്പോൾ മലയോരകർഷകരുടെ നെഞ്ചിടിപ്പേറുകയാണ്. നട്ടുപിടിപ്പിക്കുന്നത് എന്തും നശിപ്പിക്കും. ഇന്നലെയും അതുതന്നെ സംഭവിച്ചു. കാട്ടുകൊമ്പൻമാരുടെ വമ്പിന് മുമ്പിൽ കർഷകർ നിസഹായരാകുന്ന അവസ്ഥ. കണ്ണാട്ടുകവല, കൊമ്പുകുത്തി മേഖലകൾക്ക് പിന്നാലെ മടുക്ക മൈനാക്കുളത്താണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചത്. ചിലമ്പിക്കുന്നേൽ സജിയുടെ പുരയിടത്തിലാണ് നാശം വരുത്തിയത്. കപ്പ, വാഴ, ചേന, തെങ്ങ് തുടങ്ങിയവ പിഴുതെറിഞ്ഞു. ഏതാനും മാസങ്ങളായി കൊമ്പുകുത്തി മേഖലയിലായിരുന്നു കാട്ടാനകൾ സ്ഥിരമായി ഇറങ്ങിയിരുന്നത്. എന്നാൽ സമീപകാലത്താണ് മൈനാക്കുളത്ത് കാട്ടാനശല്യം രൂക്ഷമായത്. ഇതോടെ പ്രദേശത്തെ കർഷകരെല്ലാം ഭീതിയിലായി.

സോളർവേലിയില്ല, പ്രതിസന്ധി രൂക്ഷം

സോളർവേലികൾ ഇല്ലാത്തതാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് കടന്നുകയറാൻ കാരണമെന്ന് കർഷകർ പറയുന്നു. വനാതിർത്തിയിൽ സോളാർവേലി സ്ഥാപിക്കുമെന്ന് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ല.നിലവിലുള്ള സോളാർ വേലികൾ നശിച്ച നിലയിലാണ്. ബാറ്ററികൾ തകരാറിലായ പല സ്ഥലത്തും നാട്ടുകാർ ചേർന്ന് ബാറ്ററി സ്ഥാപിച്ചാണ് പ്രതിരോധമാർഗം സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.

കഴിഞ്ഞദിവസം കൊമ്പുകുത്തി റോഡിൽ ആനയുടെ മുൻപിൽ അകപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങൾ:

 കണ്ണാട്ടുകവല

കൊമ്പുകുത്തി

മൈനാക്കുളം