
രാമപുരം: തവളകണ്ണൻ വിളഞ്ഞു നിൽക്കുകയാണ്... എത്ര ഭംഗിയെന്ന് ആരും തുറന്നുസമ്മതിക്കും... ജൈവകൃഷിയിൽ നൂറുമേനി കൊയ്യാൻ ഒരുങ്ങുകയാണ് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൊണ്ടാട് പാടശേഖരത്തിൽപ്പെട്ട ചൂരവേലി പാടത്തെ അര ഏക്കറിൽ കൃഷിയിറക്കിയത്. തവളകണ്ണൻ എന്ന നാടൻ ഇനമാണ് വിതച്ചത്. 50 എൻ.എസ്.എസ് വോളന്റിയർമാർ പ്രോഗ്രാം ഓഫീസർ മെൽവിൻ കെ. അലക്‌സ്, ചൂരവേലി മധു എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കൃഷികൾ നടത്തിയത്. വെച്ചൂർ പശുവിന്റെ ചാണകവും മൂത്രവുമാണ് വളമായിട്ട് ഉയോഗിച്ചത്.
പക്ഷി ശല്യം ഒഴിവാക്കാൻ കവളൻമടക്കല
പക്ഷികളുടെ ശല്യം ഒഴിവാക്കാൻ കുട്ടികൾ ഉയോഗിച്ച വിദ്യ തെങ്ങിന്റെ കവളൻ മടക്കല നാട്ടിനിർത്തൽ! ക്ലാസ് കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ നെൽകൃഷിയുടെ പരിചരണത്തിനായി പാടശേഖരത്തിൽ എത്തിയിരുന്നു. സുഭാഷ് ലേക്കറിന്റെ സീറോ ബഡ്ജറ്റ് കൃഷി രീതിയാണ് അനുവർത്തിച്ചത്.
ഏകദേശം 75 പറ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയ്ക്കുള്ളിൽ എൻ.എസ്.എസ് വോളന്റിയർമാർ കൊയ്ത്തിനായി പാടത്തിറങ്ങും.