പാലാ: ജെ.സി.ഐ. പാലാ ടൗണിന്റെ നേതൃത്വത്തിൽ 17ാമത് ബെറ്റർ ഹോംസ് എക്‌സിബിഷനും അഗ്രിഫെസ്റ്റും നാളെ മുതൽ 13 വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് എക്‌സിബിഷൻ. അമ്പതോളം വ്യത്യസ്തമായ സ്റ്റാളുകളും വിവിധയിനം കാർഷിക ഉല്പ്പന്നങ്ങളുടെ പ്രദർശനവും എക്‌സിബിഷനിൽ ഉണ്ടാകും. കലാപരിപാടികളും വിവിധയിനം മത്സരങ്ങളും എക്‌സിബിഷനോടനുബന്ധിച്ച് നടത്തുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും സന്ദർശകർക്കായി സമ്മാന കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരിക്കും.

നാളെ രാവിലെ 11 ന് ജെ.സി.ഐ. പാലാ ടൗൺ പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി. എക്‌സിബിഷൻ ഉദ്ഘാടനം നിർവഹിക്കും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. സോൺ പ്രസിഡന്റ് അഷറഫ് ഷെരീഫ് നി‌ർവഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, ജെ.സി.ഐ. സോൺ വൈസ് പ്രസിഡന്റ് ശ്യാം മോഹൻ, മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ തുടങ്ങിയവർ ആശംസകൾ നേരും. ഫോട്ടോഗ്രഫി മത്സരം, മെഗാ ട്രഷർഹണ്ട്, വാവാ സുരേഷിന്റെ പ്രകടനം, കാർഷിക ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ എന്നിവ എക്‌സിബിഷനിൽ അരങ്ങേറും.

13 ന് രാത്രി 7 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രാൻസീസ് ജോർജ് എം.പി. മുഖ്യാതിഥിയായിരിക്കും. മാണി സി. കാപ്പൻ എം.എൽ.എ. സമ്മാനദാനം നിർവഹിക്കും.

പത്രസമ്മേളനത്തിൽ പ്രൊഫ. ടോമി ചെറിയാൻ, ജിമ്മി ഏറത്ത്, ജോർജ് ആന്റണി, ബാബു കലയത്തിനാൽ, കൺവീനർമാരായ ബോബി കുറിച്ചിയിൽ, സണ്ണി പുരയിടം, ഷിനോ കടപ്രയിൽ, ജോസ് ചന്ദ്രത്തിൽ, വിപിൻ വിൻസെന്റ്, എബിസൺ ജോസ്, നിതിൻ ജോസ്, നോയൽ മുണ്ടമറ്റം, ഡിജു സെബാസ്റ്റ്യൻ, ജിൻസ് ജോർജ്, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.