
ഏഴാച്ചേരി: ശിവഗിരി ശ്രീ ശാരദാ ദേവീ ക്ഷേത്രത്തിലെ പഞ്ചാരമണലിൽ അറിവിന്റെ ഹരിശ്രീ കുറിക്കാൻ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങി. ശിവഗിരി ശാരദാ ക്ഷേത്ര സന്നിധിയിലെ പവിത്രമായ പഞ്ചാരമണൽ ഇന്നലെ രാവിലെ വെള്ളപ്പട്ടിൽ പൊതിഞ്ഞ് കാവിൻപുറം ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. ഇതോടൊപ്പം തൂലികാ പൂജയ്ക്കുള്ള തൂലികകളും സമർപ്പിച്ചു. പഞ്ചാരമണലും തൂലികകളും പതിറ്റാണ്ടുകളായി തുമ്പയിൽ രാമകൃഷ്ണൻ നായരാണ് വഴിപാടായി സമർപ്പിക്കുന്നത്.
ഇന്നലെ രാവിലെ രാമകൃഷ്ണൻ നായരുടെ കൊച്ചുമകൻ എസ്. അഭിനവ് കൃഷ്ണയുടെയും അമ്മ ശ്രീജയുടെയും നേതൃത്വത്തിലാണ് ശാരദാ ദേവീക്ഷേത്രത്തിലെ പവിത്രമായ മണൽ വെള്ളപ്പട്ടിൽ പൊതിഞ്ഞ് കാവിൻപുറം ക്ഷേത്രത്തിൽ എത്തിച്ചത്. നാമജപത്തോടെ മണലും തൂലികകളുമായി നാലമ്പലത്തിന് വലംവച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ അഭിനവ് കൃഷ്ണയ്‌ക്കൊപ്പം മറ്റു ഭക്തരുമുണ്ടായിരുന്നു. തുടർന്ന് ശ്രീകോവിലിന് മൂന്ന് വലംവച്ച് സോപാനത്തിങ്കൽ വിരിച്ച വാഴയിലയിൽ തൂലികകളും പഞ്ചാരമണലും സമർപ്പിച്ചപ്പോൾ കാവിൻപുറം ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കർപ്പൂര ആരതി നടത്തി. തുടർന്ന് ഇവ സമർപ്പിച്ച അഭിനവ് കൃഷ്ണയ്ക്ക് മേൽശാന്തി വിശേഷാൽ പ്രസാദം നൽകി. തൂലികകളും മണലും ഏറ്റുവാങ്ങാൻ കാവിൻപുറം ദേവസ്വം ഭാരവാഹികളായ ടി.എൻ. സുകുമാരൻ നായർ, ത്രിവിക്രമൻ നായർ തെങ്ങുംപള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.
ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കുന്ന സരസ്വതീ മണ്ഡപത്തിൽ തൂലികാ പൂജ വ്യാഴാഴ്ച ആരംഭിക്കും. പവിത്രമായ മണലും സരസ്വതീ മണ്ഡപത്തിൽ സൂക്ഷിക്കും. വിജയദശമി നാളിൽ പൂജിച്ച പേനകൾ പ്രസാദമായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. ഇതോടൊപ്പം പാരമ്പര്യ രീതിയിൽ മണലിൽ ഹരിശ്രീ കുറിക്കലും നടക്കും. ശിവഗിരി ശാരദാ ദേവീക്ഷേത്ര സന്നിധിയിൽ നിന്നെത്തിച്ച പവിത്ര മണൽ വിരിച്ച് അതിലാണ് പാരമ്പര്യ രീതിയിൽ ഹരിശ്രീ കുറിക്കൽ നടക്കുന്നത്. പ്രായഭേദമന്യെ നൂറുകണക്കിന് ആളുകളാണ് ഈ മണലിൽ ഹരിശ്രീ കുറിക്കുന്നത്. കവി ആർ.കെ. വള്ളിച്ചിറയാണ് ഇത്തവണ മണലിൽ ഹരിശ്രീ കുറിക്കുന്നതിന്റെ ആചാര്യസ്ഥാനം വഹിക്കുന്നത്.