
കോട്ടയം: വീണ്ടും നെൽകർഷകന് നേർക്ക് ചൂഷണത്തിന്റെ വാളോങ്ങുകയാണ് സ്വകാര്യമില്ലുകാർ. നെല്ലിന് നനവെന്നു പറഞ്ഞു മില്ലുകൾ വില കുറയ്ക്കാൻ നോക്കിയതോടെ വിരിപ്പു കൃഷിയുടെ സംഭരണം തുടക്കത്തിലേ പാളി. കുമരകം,തിരുവാർപ്പ്, അയ്മനം ഭാഗത്താണ് കൊയ്ത്ത് പുരോഗമിക്കുന്നത്.
100 കിലോ നെല്ല് സംഭരിക്കുമ്പോൾ 20 കിലോ കിഴിവാണ് സപ്ലൈകോ നിയോഗിച്ച സ്വകാര്യ മില്ല് പ്രതിനിധികൾ ആവശ്യപ്പെടുന്നത്. വെള്ളം കെട്ടിനിന്ന് നെൽകതിരിൽ മഞ്ഞളിപ്പുണ്ടായി വിളവ് കുറഞ്ഞതിന്റെ പ്രതിസന്ധിയിൽ കർഷകർ നിൽക്കുമ്പോഴാണ് നനവിന്റെ പേരിലുള്ള തട്ടിപ്പ്. കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ലിൽ ജലാംശം കുറവാണെന്ന് കർഷകർ പറയുന്നു. ചക്രവാത ചുഴി കാരണം എല്ലാ ദിവസവും മഴ തുടർന്നാൽ പടുതയുടെ അടിഭാഗം നനയും. നെല്ല് വീണ്ടും ഉണക്കേണ്ടി വരും. തൂക്കം പിന്നെയും കുറയും. സ്വകാര്യമില്ലുകൾ കൂടുതൽ വില കുറയ്ക്കാൻ നോക്കും. നഷ്ടം കൂടാതിരിക്കാൻ പറയുന്ന വിലക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. ഈ സാഹചര്യം ഉണ്ടാക്കാനുള്ള കളികളാണ് സ്വകാര്യമില്ലുകൾ ഇപ്പോഴേ നടത്തുന്നതെന്നാണ് കർഷകരുടെ പരാതി.
വ്യാപക പരാതി
നെല്ലിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില നൽകാതെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന പരാതിയും വ്യാപകമാണ് .
കഴിഞ്ഞവർഷം നൽകിയ 28.32 രൂപയാണ് ഈ വർഷവും വെബ് സൈറ്റുകളിൽ നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് 32.64 പൈസ ഒരു കിലോ നെല്ലിന് ക ർഷകന് ലഭിക്കണം.
വിരിപ്പു കൃഷി: 8000 ഹെക്ടറിൽ
കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ നിലവിലുള്ള വിഹിതം കുറച്ചു കേന്ദ്രം നൽകുന്ന പണം അടിച്ചുമാറ്റുകയാണ്. ഇതിനിടയിലാണ് സ്വകാര്യമില്ലുകളുടെ ചൂക്ഷണം.
ശിവദാസൻ (നെൽകർഷകൻ )