കോട്ടയം: കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനം വിവിധ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് കോട്ടയത്ത് ആഘോഷിക്കും. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ രാവിലെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ നേതൃത്വത്തിൽ പായസം തയ്യാറാക്കി വിതരണം ചെയ്യും. കെ.എം. മാണി മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റും നടക്കും. കഴിഞ്ഞ ദിവസം പാർട്ടി ജന്മമെടുത്ത തിരുനക്കരയിൽ 60 തിരിയിട്ട വിളക്ക് തെളിച്ചു. കെ.എം. മാണിയുടെ ചിത്രവും വിളക്കിന് സമീപം സ്ഥാപിച്ചിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് യൂത്ത് ഫ്രണ്ട് തുടക്കമിട്ടത്.
ജോസഫ് വിഭാഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജന്മദിന ആഘോഷ പരിപാടികൾ നടത്തും. ചെയർമാൻ പി.ജെ. ജോസഫ് പതാക ഉയർത്തും. തുടർന്ന് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ചെയർമാൻ നിർവഹിക്കും.
കേരള കോൺഗ്രസ് ഡമോക്രാറ്റിക്കിന്റെ ആഭിമുഖ്യത്തിലുള്ള ജന്മദിനാഘോഷം റോട്ടറി ഹാളിൽ ചെയർമാൻ സജി മഞ്ഞകടമ്പിൽ ഉദ്ഘാടനം ചെയ്യും.
ജേക്കബ് വിഭാഗം തിരുവനന്തപുരം വൈ.എം.സി.എ ഹാളിലാണ് രാവിലെ 11 ന് ജന്മദിന സമ്മേളനം നടത്തുന്നത്. പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.