road

കറുകച്ചാൽ: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. പലയിടത്തും പൈപ്പിട്ട് കുഴി താത്കാലികമായി മൂടിയതല്ലാതെ പുനർനിർമിക്കാൻ നടപടിയില്ല. നല്ല റോഡുകൾ പോലും കുത്തിപ്പൊളിച്ചതോടെ നാട്ടുകാരാണ് ബുദ്ധിമുട്ടിലായത്. കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലാണ് ജൽജീവൻ പദ്ധതിയുടെ ഭാഗമായി പി.ഡബ്ലു.ഡി. റോഡും പഞ്ചായത്ത് റോഡുകളും വ്യാപകമായി കുത്തിപൊളിച്ചത്. കോൺക്രീറ്റ് ചെയ്തതും ടാർ ചെയ്തതുമായ റോഡുകൾ കിലോമീറ്ററുകളോളം കുത്തിപൊളിച്ചതോടെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. തകർന്ന ഭാഗങ്ങൾ എപ്പോൾ പുനർനിർമിക്കുമെന്നോ നിർമ്മാണ ജോലികൾ എന്ന് പൂർത്തിയാക്കുമെന്നോ പഞ്ചായത്തുകൾക്കോ ജലസേചന വകുപ്പിനോ അറിവില്ല. കറുകച്ചാൽ പഞ്ചായത്തിലെ ബംഗ്ലാംകുന്ന് റോഡ് കുത്തിപൊളിച്ചിട്ട് ആറുമാസം പിന്നിട്ടു. മഴ പെയ്താൽ പല റോഡുകളിലൂടെയും നടക്കാൻ പോലും പ്രയാസമാണ്.

വ്യാപക പ്രതിഷേധം

മുന്നു പഞ്ചായത്തുകളിലായി മുപ്പതിലേറെ റോഡുകളാണ് പൈപ്പിടാനായി കുത്തിപൊളിച്ചത്. പലയിടത്തും റോഡ് കുഴിച്ചതല്ലാതെ പൈപ്പ് സ്ഥാപിച്ചിട്ടില്ല. റോഡിൽ പലയിടത്തും മണ്ണ് കൂനകളായി കൂട്ടിയിട്ടിരിക്കുകയാണ്. ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ കുഴികളിൽ താഴുന്നതും അപകടത്തിൽപെടുന്നതും പതിവാണ്. നവീകരിക്കാനായി തുക അനുവദിച്ചിട്ടുള്ള പ്രധാന പി.ഡബ്ലു.ഡി. റോഡുകളിൽ പോലും പണി ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. നെത്തല്ലൂർ കുരിശുകവല ബൈപ്പാസും, നെടുംകുന്നം മാന്തുരുത്തി റോഡും നവീകരിക്കാൻ തുക അനുവദിച്ചിട്ടും പണി നീളുന്നത് പൈപ്പ് സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാത്തതിനാലാണ്. കുത്തിപൊളിച്ച റോഡുകൾ എത്രയും വേഗം നന്നാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

റോഡ് നന്നാക്കിയിട്ട് പണി മതി

കുത്തിപൊളിച്ച റോഡുകൾ പൂർണമായി നന്നാക്കിയിട്ട് ബാക്കി റോഡുകൾ പൊളിച്ചാൽ മതിയെന്ന് ജലജീവൻ മിഷന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങളായി ജനങ്ങൾ ദുരിതത്തിലാണ്. നല്ല റോഡുകൾ പോലും കുത്തിപൊളിച്ചു.

ബീനാ നൗഷാദ്. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ്

നാട്ടുകാരോട് എന്ത് പറയും

റോഡുകൾ കുത്തിപൊളിച്ചിട്ട് ഒരു വർഷത്തോളമായി. ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. എന്നും പരാതികൾ കേൾക്കുന്നത് ജനപ്രതിനിധികളാണ്. എന്തു സമാധാനം പറയും. ജോ ജോസഫ്. നെടുംകുന്നം പഞ്ചായത്തംഗം.