കോട്ടയം: യാത്രക്കാർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലെ മാലിന്യങ്ങൾ നീക്കിത്തുടങ്ങി. മാലിന്യനമുക്ത കെ.എസ്.ആർ.ടി.സി മെഗാ ക്ലീനിംഗിന്റെ ഭാഗമായാണ് ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജില്ലയിലെ എല്ലാ ഡിപ്പോകളിലും ക്യാമ്പയിനിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, ഗ്യാരേജ് എന്നിവിടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ജില്ലയിലെ കോളേജുകളിലെ എൻ.എസ്.എസ്, എൻ.സി.സി വോളന്റിയർമാർ, നഗരസഭ, ഹരിതകർമ്മസേന, ശുചീകരണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് പേപ്പറുകൾ എന്നിവ സ്റ്റാൻഡ് പരിസരത്ത് നിന്നും ശേഖരിച്ചു. ഇവ പിന്നീട് ഹരിതകർമ്മസേനാംഗങ്ങൾക്ക് കൈമാറും. വർഷങ്ങളായി ഡിപ്പോ ഗ്യാരേജിൽ കൂടിക്കിടന്നിരുന്ന മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നഗരസഭയുടെ ശുചീകരണ വാഹനത്തിൽ കയറ്റി ഡിപ്പോ പരിസരത്ത് നിന്നും നീക്കം ചെയ്തു.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന ശുചീകരണ പ്രവർത്തനം സബ് കളക്ടർ ഡി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ എസ്റ്റേറ്റ് സരിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, ശുചിത്വമിഷൻ കോഓർഡിനേറ്റർ ലക്ഷമി പ്രസാദ്, അരുൺ ബാഹുലേയൻ, അമൽ മഹേശ്വർ, ഡോ.കെ.ആർ അജീഷ് തുടങ്ങിയവർ പങ്കെടുത്തു. ഡി.ടി.ഒ പി.അനിൽകുമാർ സ്വാഗതവും മാലിന്യമുക്ത കോഓർഡിനേറ്റർ വി.എസ് നിഷാന്ത് നന്ദിയും പറഞ്ഞു.