കോട്ടയം: ഏറ്റുമാനൂർ, കടുത്തുരുത്തി, ചോറ്റാനിക്കര (കുരീക്കാട്) എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടാൻ തീരുമാനമായതായി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. ഏറ്റുമാനൂർ സ്‌റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലെ ഉയരം കുറഞ്ഞ ഭാഗങ്ങളാണ് ഉയർത്തുന്നത്. അമൃത് ഭാരത് പദ്ധതി പ്രകാരം നടന്നുവരുന്ന പദ്ധതിയിൽ ഉൾപ്പെടാത്ത ഭാഗങ്ങൾ ഉയർത്താനാണ് തീരുമാനം.
കടുത്തുരുത്തി സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകൾക്ക് ഉയരമില്ലെന്ന പരാതി നാളുകളായുണ്ട്. പ്ലാറ്റ്‌ഫോം താഴ്ന്ന് കിടക്കുന്നതുമൂലം യാത്രക്കാർക്ക് ട്രെയിനിൽ കയറുവാനും ഇറങ്ങുവാനും പ്രയാസമായിരുന്നു. പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടുന്നതിനോടൊപ്പം മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് നിൽക്കുവാനുള്ള ഷെൽട്ടറും നിർമ്മിക്കും. കുരീക്കാട് എന്നറിയപ്പെട്ടിരുന്ന ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ ഉയരമാണ് കൂട്ടുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ അടക്കം അനേകം ആളുകൾ ആശ്രയിക്കുന്ന സ്റ്റേഷനാണിത്.
ഉയരംകൂട്ടുന്നതിന് 3. 86 ലക്ഷം രൂപ
മൂന്ന് സ്റ്റേഷനിലെയും പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടുന്നതിനായി 3.86 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഡിസംബറിന് മുമ്പായി നിർമ്മാണം ആരംഭിക്കും. രണ്ട് വർഷമാണ് നിർമാണ കാലാവധി.
കഴിഞ്ഞ മാസം ടെൻഡർ ചെയ്ത കുമാരനല്ലൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ഉയരം കൂട്ടുവാനുള്ള പ്രവൃത്തികളുടെ നടപടികൾ പൂർത്തിയായി വരുന്നു. (ഫ്രാൻസിസ് ജോർജ് എം.പി)