
കുന്നോന്നി : കുടുംബക്ഷേമ കേന്ദ്രനിർമ്മാണത്തിന് കണ്ണായ സ്ഥലം സംഭാവനയായി നൽകാമെന്ന് സ്വകാര്യ വ്യക്തി പറഞ്ഞിട്ടും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന് ഇത് വേണ്ട !. സൗജന്യമായി സ്ഥലം കൊടുക്കാമെന്ന് പറഞ്ഞിട്ട് വവർഷം ഒന്നു കഴിഞ്ഞു. എന്നിട്ടും രേഖകൾ തയാറാക്കി പേരിൽ കൂട്ടാതെ ഒഴിയുകയാണ് പഞ്ചായത്ത്.
7ാം വാർഡിൽ കുന്നോന്നി ആലുംതറ പൊതുമരാമത്ത് വകുപ്പ് റോഡ് ഡൈഡിൽ കൊടക്കനാൽ കെ.വി പോൾ ഒരു വർഷം മുൻപ് അഞ്ചു സെന്റ് സ്ഥലം കുടുംബക്ഷേമ കേന്ദ്രത്തിനായി എഴുതി നൽകാമെന്ന് പഞ്ചായത്തിന് ഉറപ്പ് നൽകിയിരുന്നു. പഞ്ചായത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ പിന്നീട് ഇവിടെ മറ്റു പണികളൊന്നും നടത്തിയുമില്ല. ഇപ്പോൾ ഈ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്.
പൊതുജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന 2 കിണറുകൾ ഉൾപ്പെടെ ഇപ്പോൾ കാടുപിടിച്ച് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പലതവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടെങ്കിലും എഴുതിയെടുക്കാൻ നടപടി ഉണ്ടായില്ല. ഒരു മാസം മുൻപ് പഞ്ചായത്തംഗം തുടർ നടപടികൾ സ്വീകരിക്കാനായി സ്ഥലത്തിന്റെ രേഖകൾ വാങ്ങിച്ചു പോയെങ്കിലും പിന്നീട് യാതൊന്നും നടന്നില്ലെന്ന് സ്ഥലം ഉടമ പോൾ പറയുന്നു.
നാടിന്റെ വികസനത്തിന് സ്ഥലം സംഭാവനയായി ലഭിച്ചിട്ട് പോലും അത് വിനിയോഗിക്കാൻ പഞ്ചായത്ത് അധികാരികൾക്ക് സാധിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇവിടെ കുടുംബ ക്ഷേമ കേന്ദ്രം തുറന്നാൽ പഞ്ചായത്തിലെ 7,8 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമയേനെ.
എത്രയും വേഗം സ്ഥലം എഴുതിയെടുക്കുമെന്ന് പഞ്ചാ. പ്രസിഡന്റ്
സ്ഥലം എഴുതി എടുക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. രേഖകൾ തയാറാക്കുന്നതിന് വെണ്ടർക്കു കൈമാറിയിട്ടുണ്ട്. അടിയന്തരമായി നടപടികൾ പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ പറഞ്ഞു.