കോട്ടയം: ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് മഹാവിഷ്ണുസരസ്വതി ക്ഷേത്രത്തിൽ പൂജവയ്പ് ഇന്ന്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർ പൂജവയ്പ്പിലും മുന്നോടിയായി നടക്കുന്ന ഗ്രന്ഥമെഴുന്നള്ളിപ്പു ചടങ്ങിലും പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചു രഥഘോഷയാത്ര ആരംഭിക്കും. ദക്ഷിണ മൂകാംബിയിൽ നവരാത്രി ഉത്സവ കാലയളവിലും മറ്റു പ്രധാനപ്പെട്ട ദിവസങ്ങളിലും മാത്രം പുറത്തെടുക്കുന്ന ഗ്രന്ഥങ്ങളാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. ഇന്ന് രാവിലെ 4ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 7ന് അത്താഴപൂജ, കലാമണ്ഡപത്തിൽ രാവിലെ 4ന് സഹസ്രനാമജപം, 5ന് പുരാണപാരായണം, 6ന് സമ്പ്രദായ ഭജൻസ്, 7.10ന് സംഗീതം, 8ന് വയലിൻ, 8.10ന് വീണ, 8.30ന് പുല്ലാങ്കുഴൽ, 8.40ന് സോപാനസംഗീതം, 10ന് സംഗീതം, 2.40ന് കഥകളി സംഗീതം, 3ന് തിരുവാതിര, 3.20ന് കുച്ചിപ്പുടി, 4.30ന് മോഹിനിയാട്ടം, 4.50ന് കുച്ചിപ്പുടി, 5ന് സംഗീതസദസ്, 6ന് സത്യൻ നാരായണമാരാർ ചോറ്റാനിക്കരയുടെ പഞ്ചവാദ്യം, വൈകിട്ട് 6.30ന് ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവയ്പ്പ്.
വിശിഷ്ടഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകൾ വൈകുന്നേരം 5.30ന് പരുത്തുംപാറ കവലയിൽ എത്തിച്ചേരും. പരുത്തുംപാറ കാണിക്കമണ്ഡപ ചിറപ്പ് കമ്മിറ്റിയുടെ സ്വീകരണവും ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ബാലികാബാലന്മാരും അമ്മമാരും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കുകയും ഘോഷയാത്രയിൽ പങ്കാളികളാകുകയും ചെയ്യും. പനച്ചിക്കാട് കുമാരനാശാൻ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖാ യോഗം മന്ദിരത്തിലെയും പനച്ചിക്കാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിലെയും സ്വീകരണത്തിന് ശേഷം 6.15ന് ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന്, സരസ്വതി സന്നിധിയിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ പൂജവയ്ക്കും.13ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.