cow

കോട്ടയം: നഷ്ടം സഹിച്ച് എത്രകാലം മുന്നോട്ടുപോകും... ഏറെകാലമായി ക്ഷീരകർഷകർ ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമായിരുന്നു. ഒരുവിധത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് കർഷകരിൽ പലരും. ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടിയത് ജില്ലയിൽ പാൽ ഉത്പാദനത്തെയും സാരമായി ബാധിച്ചു. വരുമാനത്തിനപ്പുറം കാലികളുടെ പരിപാലന ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വലിയതോതിലാണ് വർദ്ധിച്ചത്. രണ്ടു വർഷത്തിനിടെ കാലിത്തീറ്റക്ക് ചാക്കിന് 1000 രൂപയിലധികമാണ് വർദ്ധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വർദ്ധനയും തിരിച്ചടിയായി. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതും പശുക്കൾക്ക് ഇടക്കിടെ രോഗം വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലേക്ക് ജില്ലയിൽ നിന്ന് പശുക്കളെ കൂട്ടമായി വാങ്ങിക്കൊണ്ടുപോയതും പാലിന്റെ അളവ് കുറയാൻ ഇടയാക്കി. ഡെയറി ഫാമുകൾക്കായുള്ള കേന്ദ്ര സർക്കാറിന്റെ രാഷ്ടീയ ഗോകുൽ മിഷൻ പദ്ധതിക്കായാണ് ജില്ലയിൽ നിന്നടക്കം പശുക്കളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്.

ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയായി


കന്നുകാലി ഇൻഷുറൻസ് പ്രീമിയം തുകയിലെ വർദ്ധനവും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയായി. 2000 രൂപയിൽ താഴെയുണ്ടായിരുന്ന വാർഷിക പ്രിമീയം 5000 ത്തിന് മുകളിലായി. പശുവിന്റെ വില വർദ്ധിച്ചതാണ് കാരണമായി കമ്പനികൾ പറയുന്നത്. റബർ വിലയിടിവിനെ തുടർന്ന് മലയോരമേഖലയിലെ കർഷകർ കൂട്ടമായി പശു വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. കർഷകർക്ക് കൂടുതൽ ആനുകൂല്യം നൽകിയതോടെ വൻതോതിൽ ഫാം മാതൃകയിലും കർഷകർ രംഗത്തെത്തി. ഇതോടെ പാൽ ഉൽപാദനം വർദ്ധിച്ചു. എന്നാൽ, പിന്നീട് പ്രതിസന്ധികളേറെയായതോടെ പലരും പിൻമാറി. വൻതുക വായ്പയെടുത്ത് ഫാം തുടങ്ങി പലരും കടക്കെണിയിലുമാണ്.


ഉത്പാദനം ഇങ്ങനെ

കഴിഞ്ഞ സെപ്റ്റംബറിൽ ശരാശരി പ്രതിദിന പാൽ ഉത്പാദനം 87,693 ലിറ്ററാണ്. ഈ സെപ്റ്റംബറിൽ ഇത് 72309 ലിറ്ററായി കുറഞ്ഞു. ആഗസ്റ്റിൽ 72,255 ലിറ്റായിരുന്നു ഉത്പാദനം.

കുറവ്: 15,384 ലിറ്റർ


തോന്നുംപടി വില

വൈക്കോലിനും തോന്നുംപടിയാണ് വില. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ വൈക്കോൽ എത്തിക്കേണ്ട സാഹചര്യവുമുണ്ടായി.