
കുമരകം: കിഴിവിനെ ചൊല്ലിയുള്ള തർക്കം പരിഹരിച്ചതോടെ കുമരകം തെക്കേമൂലേപ്പാടം പാടശേഖരത്തെ നെല്ല് സംഭരണം നാളെ ആരംഭിക്കും.
വിരിപ്പുകൃഷിയുടെ വിളവെടുത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കൊയ്തെടുത്ത നെല്ല് പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. മഴയിൽ നെല്ല് നശിക്കുമെന്ന സ്ഥിതിയായതോടെ ഇന്നലെ കർഷകരും സപ്ലൈക്കോ അധികൃതരും മില്ലുടമകളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്.
240 ഏക്കർ വരുന്ന പാടശേഖരത്തെ അയ്യായിരത്തോളം ടൺ വരുന്ന നെല്ലാണ് സംഭരിക്കേണ്ടത്. മില്ലുകൾ 25 ശതമാനം വരെ കിഴിവാണ് ആവശ്യപ്പെട്ടത്. ഇത് കർഷകർ അംഗീകരിക്കാതെ വന്നതോടെയാണ് നെല്ല് രണ്ടാഴ്ചയിലേറെയായി കളങ്ങളിൽ കെട്ടി കിടന്നത്. മില്ലുടമകൾക്കെതിരെ കർഷകരിൽ നിന്ന് വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു , സി.പി.ഐ ജില്ലാ എക്സി: കൗൺസിൽ അംഗം അഡ്വ.ബിനു ബോസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി സലിമോൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.വി ചെറിയാൻ, ഷിജോ ജോൺ, പാടശേഖരസമിതി പ്രസിഡൻ്റ് രാജു ഓലച്ചിറ, സെക്രട്ടറി സി.കെ.രാജൻ ചിറയിൽ, കൺവീനർ ജേക്കബ് കെ. ജോസഫ് കളമ്പാട്ടുശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ആറര കിലോഗ്രാം കിഴിവ്
സപ്ലൈക്കോ പാഡി മാർക്കറ്റിംഗ് ഓഫീസറും മില്ലുടമകളും പഞ്ചായത്ത് അധികൃതരും കർഷക സംഘടനാ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ ഒരു ക്വിന്റലിന് ആറര കിലോഗ്രാം കിഴിവ് എന്ന നിലയിൽ നെല്ല് സംഭരിക്കാനാണ് തീരുമാനം.