etunr

കോട്ടയം: ശോച്യാവസ്ഥയിൽ ഏറ്റുമാനൂരപ്പൻ ബസ് ബേ. എം.സി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ബസ് ബേയാണ് തകർച്ചയുടെ വക്കിലായത്. ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് ബേയാണ് യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാത്തത് മൂലം ശോച്യാവസ്ഥയിലായത്.

മേൽക്കൂര തകർന്നും മാലിന്യവും
കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ദ്രവിച്ചു മഴക്കാലത്ത് ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ഷീറ്റുകൾ ഒടിഞ്ഞ് തകർന്ന നിലയിലുമാണ്. ബസ് ബേയിൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടം പൂർണമായും ഇരുട്ടിലാണ്. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് സമീപത്തായി മാലിന്യങ്ങളും നിറഞ്ഞ നിലയിലാണ്. യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായി ബസ് ബേ. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ ബസ് ബേയിൽ ശുചീകരണം നടത്തിയിരുന്നു. പട്ടിത്താനം റൗണ്ടാന കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ മനോഹരമാക്കിയത് പോലെ ഏറ്റുമാനൂരപ്പൻ ബസ് ബേ കാലാകാലങ്ങളിൽ ശുചീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം.

നവീകരിക്കാൻ ജനകീയ വികസന സമിതി രംഗത്ത്
ഏറ്റുമാനൂർ ടൗണിലെ ഏറ്റുമാനൂരപ്പൻ ബസ് ബേ നവീകരിക്കാൻ നടപടി ആവശ്യപ്പെട്ട് ഏറ്റുമാനൂർ ജനകീയ വികസന സമിതി രംഗത്ത്. നഗരസഭ അനുമതി നൽകിയാൽ ജനകീയ വികസന സമിതി ബസ് ബേ ഏറ്റെടുത്ത് നവീകരിക്കാൻ തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു എന്നിവർക്ക് ജനകീയ വികസന സമിതി ഭാരവാഹികളായ രാജു ഇമ്മാനുവൽ, രാജു സെബാസ്റ്റ്യൻ, ബി.രാജീവ്, പി.ഡി ജോർജ് എന്നിവർ നിവേദനം നൽകി. കൂടാതെ, നഗരസഭ ഓഫീസിന് മുൻവശത്തായി ഷോപ്പിംഗ് കോംപ്ലക്‌സിനായി നീക്കിയിട്ടിരുന്ന ഭൂമി പേ ആൻഡ് പാർക്കിനായി വിനിയോഗിക്കണമെന്നും നഗരസഭാ പരിധിയിലെ ഓടകൾ വൃത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബസ് ബേ നിർമ്മിച്ചത് ജില്ലാ പഞ്ചായത്താണെന്നും നിലവിൽ നഗരസഭയുടെ ആസ്തിയിൽ ബസ് ഉൾപ്പെട്ടിട്ടില്ല. വിഷയം പരിശോധിച്ച് സാധ്യമായത് ചെയ്യും. (നഗരസഭാ അധികൃതർ)