shanthakumari

രാമപുരം: മൂന്നര പതിറ്റാണ്ട് പിന്നിട്ട് അക്ഷരപുണ്യം പകർന്ന ശാന്തകുമാരി ടീച്ചറിന് ശിഷ്യഗണങ്ങളുടെ ആദരം. ''അറിവിന്റെ ശാന്തസമുദ്രത്തിന് ആദരം'' ഞായറാഴ്ച നടക്കും.

രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആർ.വി.എം. സ്‌കൂൾ അങ്കണത്തിൽ പ്രവർത്തിച്ചിരുന്ന 'പ്രിയദർശനി കിന്റർ ഗാർട്ടൻ നഴ്‌സറി ' സ്‌കൂളിന്റെ ആജീവനാന്ത പ്രധാന അദ്ധ്യാപികയായിരുന്നു എം.കെ. ശാന്തകുമാരി എന്ന നാടിന്റെ ശാന്തടീച്ചർ.

ഏഴാച്ചേരി തുമ്പയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യയായ ശാന്തകുമാരി ഭർത്താവിന്റെ ആകസ്മിക നിര്യാണത്തെ തുടർന്നുള്ള കടുത്ത ദുഃഖത്തിൽ നിന്ന് മോചനം തേടിയാണ് കുട്ടികൾക്ക് അക്ഷരമധുരം നുകർന്നു കൊടുക്കാൻ തയ്യാറായത്. 1986ലാണ് രാമപുരത്ത് വാര്യർ മെമ്മോറിയൽ യു.പി. സ്‌കൂളിന്റെ അങ്കണത്തിലുള്ള കെട്ടിടത്തിൽ പ്രിയദർശനി കിന്റർഗാർട്ടൻ എന്ന നഴ്‌സറി സ്‌കൂൾ ആരംഭിച്ചത്. ഇരുപതിൽപരം വിദ്യാർത്ഥികളുമായിട്ടായിരുന്നു തുടക്കം.

എല്ലാ വർഷവും വിജയദശമി നാളിൽ വാര്യംപറമ്പിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെയെല്ലാം പിന്നീട് കൈപിടിച്ച് നടത്തിയത് ശാന്തടീച്ചറാണ്. നീണ്ട 36 വർഷത്തിലേക്ക് ഈ അക്ഷര വെളിച്ചം നീണ്ടു. ഇതിനോടകം ആയിരക്കണക്കിന് ശിഷ്യർക്കാണ് പ്രിയദർശനി കിന്റർഗാർട്ടനിലൂടെ ശാന്തടീച്ചർ അറിവിന്റെ ലോകം തുറന്നുകൊടുത്തത്.

കളികളിലൂടെ അറിവിലേക്ക് എന്നതായിരുന്നു ടീച്ചറുടെ പാഠ്യരീതി. തുച്ഛമായ ഫീസ് മാത്രം വാങ്ങിയായിരുന്നു ടീച്ചറിന്റെ സേവനം. പലപ്പോഴും പാവപ്പെട്ട കുട്ടികളിൽ നിന്ന് നയാപൈസ പോലും വാങ്ങാത്ത നൻമനസും ഈ ഗുരുശ്രേഷ്ഠയ്ക്കുണ്ടായിരുന്നു.

36 വർഷത്തിനിടെ ശിഷ്യർ ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് പറന്നുയർന്നു. ഒരോ വിദ്യാരംഭ നാളിലും അവർ ശാന്ത ടീച്ചറിനെ മറന്നില്ല. ആ ദിവസം ടീച്ചർ വാര്യംപറമ്പിൽ ഉണ്ടാകുമെന്ന് നിശ്ചയം. അങ്ങനെ ദക്ഷിണയുമായി ഈ പൂർവ്വവിദ്യാർത്ഥികളെല്ലാം ടീച്ചറിന്റെ മുന്നിലെത്തി പാദ നമസ്‌കാരം ചെയ്തിരുന്നു.

കൊവിഡ് വന്നതോടെയാണ് ശാന്തടീച്ചറിന്റെ പ്രിയപ്പെട്ട പ്രിയദർശനി സ്‌കൂളിന് പൂട്ടുവീണത്. പിന്നീട് വാര്യംപറമ്പിലേക്ക് ശാന്തടീച്ചർ മടങ്ങിയെത്തിയില്ല.

ഏക മകൻ അനിൽകുമാർ, മരുമകൾ രശ്മി, കൊച്ചുമക്കൾ അമൽ ദേവ്, അനുശ്രീ എന്നിവർക്കൊപ്പം സന്തോഷകരമായ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ ശാന്തടീച്ചർ.

ഇത്തവണത്തെ വിദ്യാരംഭനാളിൽ രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാമപുരം വാര്യംപറമ്പിൽ ശാന്തകുമാരി ടീച്ചറിനെ ശിഷ്യഗണങ്ങളും ലൈബ്രറി പ്രവർത്തകരും ചേർന്ന് ആദരിക്കും. ലൈബ്രറിയുടെ 76ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ഈ ആദരം.