ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ 12 ന് അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 16ാം വാർഷികം ആഘോഷിക്കും. വൈകുന്നേരം 5ന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ മോൺ. ബോബി അലക്‌സ് മണ്ണംപ്ലാക്കലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും, 6.15ന് മെഴുകുതിരി സംവഹിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന ആഘോഷമായ ജപമാല പ്രദക്ഷിണവും, തുടർന്ന് 7ന് നേർച്ച വെഞ്ചരിപ്പും വിതരണവും ഉണ്ടായിരിക്കും.
വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ അൽഫോൻസാമ്മയുടെ ജീവിതവും ആദ്ധ്യാത്മികതയും സംബന്ധിച്ച് ആഴത്തിൽ പഠിക്കുന്നതിനായി ദേശീയ സെമിനാർ സെന്റ് അൽഫോൻസാ സ്പിരിച്വാലിറ്റി സെന്ററിൽ വച്ച് നടത്തും.
മിഷനറീസ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷന്റെ ഡയറക്ടർ ജനറാൾ ഡോ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഉദ്ഘാടനസമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും.
തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്മിനിസ്‌ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര എന്നിവർ സെമിനാറിന് നേതൃത്വം നല്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8301065244 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.