
കോട്ടയം : പ്രതികൂല കാലാവസ്ഥയിലും പൈനാപ്പിൾ വില ഉയരുന്നത് കർഷകർക്ക് ആശ്വാസമാകുന്നു. നിലവിൽ 55 - 59 രൂപണ് വില. ചില്ലറ വിപണിയിൽ വില ഇതിലുമേറെയാണ്. കഴിഞ്ഞ വർഷം 39, 37, 47 എന്നിങ്ങനെയായിരുന്നു. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി കോട്ടയത്താണ്. ഡൽഹി, സൂറത്ത്, ജയ്‌പൂർ, അഹമ്മദാബാദ്, പൂനെ, ഭോപ്പാൽ, ഇൻഡോർ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുമുണ്ട്. കർഷകരിൽ നിന്ന് വ്യാപാരികൾ പഴുക്കാൻ പാകമായ പച്ച കൈതച്ചക്കയും, പൂർണമായും പഴുത്തതുമായ പൈനാപ്പിൾ എന്നിങ്ങനെ രണ്ട് തരത്തിലാണ് വാങ്ങുന്നത്. കഴിഞ്ഞ ഡിസംബറിലെ വിലത്തകർച്ചയും മാർച്ച്, മേയ് മാസങ്ങളിലെ പൊള്ളുന്ന ചൂടും അതിജീവിച്ചാണ് കർഷകർ കൃഷിയിറക്കിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഡിമാൻഡാണ് വില വർദ്ധനയ്ക്ക് കാരണം. നവംബർ അവസാനം വരെ ഉയർന്ന വില ലഭിക്കുമെന്നാണ് സൂചന.
ചൂടിന്റെ വില്ലത്തരം, ഉത്പാദനം കുറഞ്ഞു
കഴിഞ്ഞ വർഷത്തെ പൊള്ളുന്നചൂട് ഉത്പാദനത്തെ ബാധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ സ്‌പെഷ്യൽ ഗ്രേഡ് പോലും കിലോയ്ക്ക് 20 രൂപയ്ക്കാണ് വിറ്റത്. ശരാശരി 40 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ. ഉണക്ക് ബാധിക്കാതിരിക്കാൻ തോട്ടത്തിനു മുകളിൽ പച്ച നെറ്റ് വിരിച്ച വകയിൽ വൻബാദ്ധ്യതയാണ് കർഷകർക്കുണ്ടായത്. പലരും റബർ കൃഷി പൂർണമായി ഒഴിവാക്കി ഹ്രസ്വകാല കൃഷിയായി പൈനാപ്പിളിലേക്ക് തിരിഞ്ഞിരുന്നു.
വെല്ലുവിളികളേറെ
പൈനാപ്പിളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുമെന്ന ബഡ്ജറ്റ് വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം, പാട്ടതുകയിലെ വർദ്ധനവ് (ഒരേക്കറിന് ഒരു ലക്ഷം വരെയായി)
കൈതച്ചെടികൾ കരിയുന്നു, വളർച്ച മുരടിപ്പ്, പാകമായാലും തൂക്കം കുറവ്, മച്ചിക്കാനിശല്യം രൂക്ഷം
തുടർച്ചയായ മാസങ്ങളിൽ മികച്ച വില ലഭിച്ചാൽ നഷ്ടമില്ലാതെ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയും. പുതിയതായി ആരും രംഗത്തേയക്ക് കടന്നുവരില്ല.
(ജോയി വാളിപ്ലാക്കൽ,റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)