
എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം, മതമൈത്രിയുടെ സംഗമവേദി അങ്ങനെ എരുമേലിയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ കൊച്ചുപട്ടണം. മണ്ഡല - മകരവിളക്ക് സീസണിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ഇവിടെ ഫയർസ്റ്റേഷൻ പോലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. തീർത്ഥാടനത്തിന് ഇനി ഒരുമാസം  ശേഷിക്കെ ഫയർഫോഴ്സിന് താത്കാലിക ഷെഡ് നിർമ്മിക്കാൻ സ്ഥലം വരെ കണ്ടെത്തണം. വർഷങ്ങളായി ഷെഡ് നിർമ്മിക്കുന്ന ദേവസ്വം ബോർഡ് സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്.എരുമേലിക്കായി അനുവദിക്കപ്പെട്ടെന്ന് ജനപ്രതിനിധികൾ പറയുന്ന ഫയർസ്റ്റേഷന്റെ പ്രവർത്തനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും അനിശ്ചിതമായി നീളുകയാണ്. മുൻപ് സീസൺ കാലയളവിലും മറ്റും അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി കിലോമീറ്ററുകൾ അകലെയുള്ള റാന്നി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സാണ് എത്തിച്ചേർന്നിരുന്നത്. എന്നാൽ തിരക്കിനിടയിലൂടെ സംഭവസ്ഥലത്ത് എത്തുകയെന്നത് പ്രയാസമാണ്. തീർത്ഥാടകരെ കൂടാതെ നൂറുകണക്കിന് താത്ക്കാലിക കടകൾ പ്രവർത്തിക്കുന്നതുമായ എരുമേലിയിലും പമ്പാപാതകളിലും ഫയർഫോഴ്സ് സേവനം ആവശ്യമാണ്. കഴിഞ്ഞവർഷം തീർത്ഥാടനകാല ആരംഭത്തിൽ എരുമേലിയിലെ ഷെഡിന് തീപിടിച്ചിരുന്നു.
സ്ഥലം ഏറ്റെടുത്തു പക്ഷെ
എരുമേലിയിൽ നിന്ന് 2 കിലോമീറ്റർ മാറി മണിമലയാറ്റിലെ ഓരുങ്കൽക്കടവിന് സമീപം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ട് നാളുകളേറെയായി. ഇതുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സ് അധികൃതർ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എരുമേലി കൊരട്ടി പിൽഗ്രിം അമിനിറ്റി സെന്ററിനോടു ചേർന്നു ഫയര്‍സ്റ്റേഷൻ നിർമ്മിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റി. ഇതോടൊപ്പം മറ്റു ചില സ്ഥാപനങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു.
''ഇത്രയും തീർത്ഥാടന പ്രധാന്യമുള്ള എരുമേലിയിൽ ഫയർസ്റ്റേഷൻ ഇല്ലാത്തത് അധികൃതരുടെ പിടിപ്പുകേട് മൂലമാണ്. പ്രസ്താവനയിൽ മാത്രം പോരാ പ്രവൃത്തിയിലും അത് തെളിയിക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിച്ചേരുന്നത് വരെ കാത്തിരുന്നാൽ വൻദുരന്തത്തിന് കാരണമാകും.
-സതീഷ്, വ്യാപാരി