
കോട്ടയം : തടിക്ക് വിലയില്ല, കിട്ടുന്ന വിലയ്ക്ക് തേക്കും പ്ലാവും ആഞ്ഞിലിയുമൊക്കെ കർഷകർ വെട്ടി വിൽക്കുകയാണ്. ഇതിനിടെയാണ് കോൽതടിവെട്ട് തൊഴിലാളി സംഘടനയുടെ പേരിൽ തടി കയറ്റുന്നതിന് വൻ തുക വാങ്ങുന്നതായി പരാതി.
ക്രെയിൻ അടക്കം തടി കയറ്റുന്നതിന് ക്യൂബിക് അടിക്ക് 75 രൂപ, ക്രെയിൻ ഇല്ലാതെ 40 , തടി ലോറിയിൽ കയറ്റുന്നതിന് ടോറസിന് 750, ലോറിക്ക് 600 ,ചെറുവണ്ടിക്ക് 350 എന്നിങ്ങനെ നോട്ടീസും സംഘടന പുറത്തിറക്കി. എന്നാൽ
നോട്ടീസിൽ നൽകിയിരിക്കുന്ന പേരിലുള്ള യൂണിയൻ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ലേബർ ഓഫീസറുമായി ചർച്ച നടന്നിട്ടില്ലെന്നുമാണ് വിവരാവകാശ മറുപടിയിൽ ലഭിച്ചത്.
വീട് നിർമ്മാണത്തിന് തടിക്കുപകരം ഇരുമ്പും കോൺക്രീറ്റുമാണ് കരാറുകാർ കൂടുതലായി ഉപയോഗിക്കുന്നത്.
ഇതോടെ മരത്തിനും ഡിമാൻഡ് കുറഞ്ഞു. തേക്കിന് ക്യൂബിക്ക് അടിക്ക് 3000 - 4000, പ്ലാവ് ,ആഞ്ഞിലി 1000- 2000 രൂപയുമാണ്. കൂലി വർദ്ധിച്ചതോടെ തടി വാങ്ങാൻ ആളില്ലാതായി. വലിയ തടികൾ ക്രെയിൻ ഉപയോഗിച്ചാണ് ലോറിയിൽ കയറ്റുന്നത് . ഇതു നോക്കിനിൽക്കുന്ന തൊഴിലാളിക്ക് പോലും പണം കൊടുക്കേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
''
അനധികൃത യൂണിയന്റെ പേരിൽ ലേബർ ഓഫീസ് അറിയാതെ തൊഴിലാളികൾ തോന്നുംപടി കൂലി ഈടാക്കുന്നതിനെതിരെ നടപടി വേണം. നടപടി ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
-എബി ഐപ്പ് (പൊതു പ്രവർത്തകൻ )