
കോട്ടയം: രോഗീപരിചരണത്തിൽ മാത്രമല്ല, ഗാന സൃഷ്ടിയിലും മനസ്സർപ്പിച്ച് മാലാഖമാർ. ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചാരണഗാനത്തിന്റെ രചനയും, സംഗീതവും, ആലാപനവും നഴ്സ് കൂട്ടായ്മയുടേതാണ്. റെക്കോഡിംഗ് കഴിഞ്ഞു. കോട്ടയം മാമൻമാപ്പിള ഹാളിൽ ഈ മാസം 16 മുതലാണ് സമ്മേളനം. ലൈവ് ആലാപനവുമുണ്ടാകും.
സംഗീത കൂട്ടായ്മ പിറക്കുന്നത് 2012ലാണ്. അസോസിയേഷനിലെ കലാകാരന്മാർ ബ്ലോസം ഒഫ് സിംഗേഴ്‌സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. ബീറ്റ്‌സ് ഒഫ് കെ.ജി.എൻ.എ മ്യൂസിക് ടീമും രൂപപ്പെട്ടു.
അമരഗീതമെന്ന പേരിലാണ് പ്രചാരണഗാനം. കെ.ജി.എൻ.എയുടെ ചരിത്രം വിവരിക്കുന്നതാണ് ഗാനം. കുട്ടികളുടെ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ എൻ.കെ. ജയലക്ഷ്മിയുടേതാണ് വരികൾ. കുമരകം സ്വദേശി ടി.ആർ. ബിന്ദുവും മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഓഫീസർ അനൂപ് വിജയനും സംഗീതമൊരുക്കി. എം.രാജശ്രീ, കെ.ആർ രാജേഷ്, അനൂപ് വിജയൻ, പ്രദീപ് കുമാർ, ദീപ രവീന്ദ്രൻ, കെ.എം മഞ്ജുഷ, പാവന മോഹൻ, കെ.പി അനിത, ജിജി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് ആലാപനം.
അടുത്തത് മ്യൂസിക്
ആൽബം
കൂട്ടായ്മയുടെ നേതൃത്വത്തിൽ മ്യൂസിക് ആൽബമെന്ന സ്വപ്നത്തിന് പിന്നാലെയാണിവർ. കർഷകസംഘം കലാസന്ധ്യയിൽ നാടൻപാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.