
കോട്ടയം: റോഡ് നിർമ്മാണം ഇഴഞ്ഞിഴഞ്ഞ് നീങ്ങിയതോടെ നാട്ടുകാർ കലിപ്പിലായി. ഒടുവിൽ റോഡിൽ വാഴ നട്ട് അവർ പ്രതിഷേധിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണംകുളം കണിയാംമല റോഡിന്റെ നവീകരണമാണ് എങ്ങുമെത്താതെ തുടരുന്നത്. പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ടാറിംഗ് കഴിയാത്ത റോഡിൽ വാഴ നട്ടത്. കഴിഞ്ഞ മാസം അവസാനത്തോടെ റോഡ് അടച്ച് പണി തുടങ്ങിയെങ്കിലും ടാറിംഗ് ഇതുവരെയായിട്ടും പൂർത്തിയായില്ല. കാലാവസ്ഥയുടെ കാര്യംപറഞ്ഞ് പണികൾ വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അതേ സമയം ഫണ്ടിന്റെ അപര്യാപ്തതയാണ് വില്ലനെന്നും പറയുന്നു. ടാർ ഇളകി നാമാവിശേഷമായ റോഡ് നവീകരിക്കാനുള്ള ശ്രമങ്ങൾ പലതവണ നടന്നെങ്കിലും ഭാരിച്ച ചെലവ് പ്രധാന തിരിച്ചടിയായി. പഞ്ചായത്തിന് വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ നവീകരണത്തിന് പള്ളം ബ്‌ളോക്ക് പഞ്ചായത്തിന്റെ സഹായം തേടി. ഇവിടെയും പണം തടസമായി. ഇതിനിടെ റോഡിന്റെ ഏറ്റവും തകർന്ന ഭാഗമായ പാറക്കുഴിയിൽ ക്വാറി വേസ്റ്റിട്ട് ബ്‌ളോക്ക് പഞ്ചായത്തും കൈയൊഴിഞ്ഞു.
ഫണ്ട് അനുവദിച്ച് എം.എൽ.എ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് ആസ്തി വികസന ഫണ്ടിൽ നിന്നും പ്രശ്‌നപരിഹാരത്തിനായി 35 ലക്ഷം രൂപ അനുവദിച്ചു. ഏറ്റവും തകർന്ന ഭാഗത്ത് കോൺക്രീറ്റിംഗ് നടത്താനും ഓടകൾ നിർമ്മിക്കാനും, പാച്ച് വർക്കിനും ടാറിംഗിനുമാണ് തുക അനുവദിച്ചത്. എന്നാൽ, കോൺക്രീറ്റ് നടത്തിയതൊഴിച്ചാൽ മറ്റൊരു ജോലികളും നടന്നില്ല. എന്നാൽ, മറ്റ് വർക്കുകൾ നടത്തണമെങ്കിൽ കാലാവസ്ഥ അനുകൂലമാവണമെന്നാണ് കരാറുകാരന്റെ നിലപാട്. ഏറെ തിരക്കുള്ള റോഡിലൂടെ ചങ്ങനാശേരിക്കും കോട്ടയത്തിനുമെല്ലാം സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ട്. ബസുകൾ പലതും റൂട്ടുമാറ്റി സർവീസ് നടത്തിയതോടെ ഇവരുടെ കളക്ഷനും പ്രതിസന്ധിയിലായി.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം തുടങ്ങണം. റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. -പ്രദേശവാസികൾ