
കോട്ടയം: പുലർച്ചെ കൃഷിയിടമെത്തുമ്പോൾ ചങ്ക് തകരുന്ന കാഴ്ച. വിളകളെല്ലാം കുത്തിമറിച്ചിട്ട നിലയിൽ. കർഷകന് ഇതെല്ലാം കണ്ണീരോടെ മാത്രമേ കാണാൻ കഴിയൂ. കാട്ടുപന്നികൾ മലയോരകർഷകർക്കുണ്ടാക്കുന്ന നഷ്ടം അത്ര വലുതാണ്. കാട്ടുപന്നിക്കൊപ്പം കുരങ്ങും, മുള്ളൻപന്നിയും, കുറുക്കനും കുറുനരിയുമെല്ലാം കൃഷിയിടങ്ങളിൽ വിഹരിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ എന്ത് നടപടിയെന്ന് ചോദിച്ചാൽ പഞ്ചായത്തിനോ വനം വകുപ്പിനോ ഇതൊന്നും കണ്ട ഭാവമില്ല. കറുകച്ചാൽ, പാമ്പാടി, നെടുംകുന്നം, മണിമല, കങ്ങഴ,നെടുംകുന്നം, മേഖലകളിലാണ് കാട്ടുപന്നി, കുറുനരിയുടെ ശല്യം രൂക്ഷമാകുന്നത്. കടം വാങ്ങിയും പണയംവെച്ചും കൃഷിയിറക്കുന്ന കാർഷികവിളകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നശിക്കുന്നത്. റബർ, കപ്പ, വാഴ എന്നിവയെല്ലാം കുത്തിമറിക്കുകയാണ്. അധികാരികൾ കൈമലർത്തുമ്പോൾ കൃഷിയിടം ഉപോക്ഷിച്ച് എവിടെപ്പോകുമെന്ന കർഷകരുടെ ചോദ്യത്തിനും ഉത്തരമില്ല.
പരിക്കേൽക്കുന്നത് തുടർക്കഥ
സമീപകാലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധിപേർക്കാണ് പരിക്കേറ്റത്. ക്ഷീരകർഷകനായ കങ്ങഴ ഇളവുങ്കമലയിൽ സജീവ് ജോർജിനെ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. സ്‌കൂട്ടറിൽ പാലുമായി പോകുമ്പോൾ കാട്ടുപന്നി ഇടിയ്ക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് മുക്കൂ ട്ടുതറ മുട്ടപ്പള്ളി ഐക്കരകരോട്ട് വീട്ടിൽ വി.എൻ സുരേഷിനും പരിക്കേറ്റു. കട അടച്ചശേഷം വീട്ടിലേക്ക് നടന്നുവരുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
എം.എൽ.എമാർക്ക് നിവേദനം
കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെടുംകുന്നം മേഖലയിലെ കർഷക സംഘടനകളുടെ ഏകോപനവേദി കർഷക മുന്നേറ്റം ഭാരവാഹികളായ അജിത് മുതിരമല, പി.സി മാത്യു, ജോൺസൺ കോശി, സിജോ പി.ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 138 എം.എൽ.എമാർക്ക് നിവേദനം നൽകി.
കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവരെ സംഘടിപ്പിച്ച് പ്രതിഷേധസമരം നടത്തും. (ഉണ്ണിക്കൃഷ്ണൻ, പ്രദേശവാസി)