രാമപുരം: രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുപ്പത്താറ് വർഷം പ്രിയദർശനി സ്‌കൂളിനെ നയിച്ച് ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന എം.കെ. ശാന്തകുമാരി ടീച്ചറിനെ ആദരിച്ചു. വിജയദശമി ദിനത്തിൽ വാര്യംപറമ്പിൽ നടത്തിയ വിദ്യാരംഭത്തിന് ശേഷമായിരുന്നു ടീച്ചറെ ആദരിച്ചത്. ആർ.വി.എം. ലൈബ്രറി പ്രസിഡന്റ് കെ.എസ്. മാധവൻ ടീച്ചറെ പൊന്നാട അണിയിച്ച് ഫലകം നൽകി ആദരിച്ചു. ആദരസമ്മേളനം രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുക്കോട്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്. മാധവൻ അദ്ധ്യക്ഷത വഹിച്ചു. രേഖാ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു. അജയൻ ജി. സ്വാഗതവും കെ.ബി. സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് വഞ്ചിപ്പാട്ട് മത്സരങ്ങൾ നടന്നു. അഡ്വ. സണ്ണി ഡേവിഡ് സമ്മാനദാനം നിർവഹിച്ചു. കുട്ടികൾക്ക് ആദ്യാക്ഷരം കുറിപ്പിക്കുന്നതിന് ഡോ. രാജു ഡി. കൃഷ്ണപുരം, നാരായണൻ കാരനാട്ട്, ജി. ശ്രീധരൻപിള്ള, കെ.ആർ. പ്രഭാകരൻപിള്ള എന്നിവർ നേതൃത്വം നൽകി.