
ഏഴാച്ചേരി: ''കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ വാഴുന്ന ദേവീദേവൻമാരെ ഞങ്ങളെ അനുഗ്രഹിക്കണേ...'' വഞ്ചിപ്പാട്ടിന്റെ ഈരടിയിൽ പ്രമുഖ കവി ആർ.കെ. വള്ളിച്ചിറ കാവിൻപുറം ക്ഷേത്രസന്നിധിയിൽ ഇരുന്ന് ''ഉമാമഹേശ്വര ചരിതം'' വഞ്ചിപ്പാട്ട് എഴുതി തുടങ്ങി.
അഞ്ചാമത് കാവ്യസമാഹാരത്തിനുവേണ്ടിയുള്ള ആദ്യകവിതയാണ് ഈ വിജയദശമി നാളിൽ ആചാര്യസ്ഥാനത്തിരുന്നുകൊണ്ട് കവി ആർ.കെ. വള്ളിച്ചിറ എഴുതിയത്.
പ്രസിദ്ധമായ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിജയദശമി നാളിൽ നടക്കുന്ന പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന്റെ ആചാര്യസ്ഥാനം വർഷങ്ങളായി വഹിക്കുന്നത് കവി ആർ.കെ. വള്ളിച്ചിറയാണ്. ഓരോ വർഷവും ആചാര്യസ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം ഒരു കവിത പൂർത്തിയാക്കും. ഈ കവിത ചേർത്തുകൊണ്ടുള്ള കവിതാസമാഹാരം പിറ്റേവർഷം വരുമ്പോൾ കാവിൻപുറം ക്ഷേത്രത്തിൽതന്നെ സമർപ്പിക്കും. കാവ്യവെളിച്ചം വീശുന്ന കവിയുടെ വഴിപാടാണിത്. ഈ വിജയദശമി നാളിലും ഇതിന് മുടക്കം വന്നില്ല.
ഇത്തവണ എഴുതാൻ തുടങ്ങിയ കാവ്യഗ്രന്ഥത്തിന് പേരിട്ടിരിക്കുന്നത് ''കഥമമകാവ്യം'' എന്നതാണ്. അടുത്ത വിജയദശമി നാളിന് മുമ്പ് കുറച്ച് കവിതകൾക്കൂടി എഴുതി കഥമമകാവ്യം പൂർത്തിയാക്കി അടുത്ത വിജയദശമി നാളിൽ കാവിൻപുറം ക്ഷേത്രസന്നിധിയിൽ സമർപ്പിക്കുമെന്ന് ആർ.കെ. വള്ളിച്ചിറ പറഞ്ഞു.
പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന്റെയും കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കലിന്റെയും ആചാര്യസ്ഥാനത്തിരിക്കാൻ എത്തിയ ആർ.കെ. വള്ളിച്ചിറയെ ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കാവിൻപുറം അക്ഷരവരത്തിന്റെ മേച്ചിൽപ്പുറം കവി
കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം അക്ഷരവരത്തിന്റെ മേച്ചിൽപ്പുറമാണെന്ന് പറയുന്ന കവി ആർ.കെ. വള്ളിച്ചിറ ഇവിടെ വിജയദശമി നാളിൽ ആദ്യാക്ഷരം പകരുന്ന ആചാര്യ സ്ഥാനം ലഭിച്ചത് തന്റെ ജീവിതഭാഗ്യമാണെന്ന് കൂട്ടിച്ചേർക്കുന്നു. കഴിയുന്നിടത്തോളം കാലം കാവിൻപുറം ക്ഷേത്രത്തിൽ വിജയദശമി നാളിലെ അക്ഷരാചാര്യസ്ഥാനം വഹിക്കണമെന്നാണ് കവിയുടെ ആഗ്രഹം.
മൂന്നര പതിറ്റാണ്ടിന്റെ അദ്ധ്യാപന സുകൃതം
34 വർഷത്തോളം വിവിധ ഹൈസ്‌കൂളുകളിൽ മലയാളം അദ്ധ്യാപകനായിരുന്നു വള്ളിച്ചിറ രാംനിവാസിൽ വീട്ടിൽ രാമൻകുട്ടിയെന്ന ആർ.കെ. വള്ളിച്ചിറ. 2000ലാണ് പെൻഷനായത്. ഭാര്യ കെ.എൻ. ചെല്ലമ്മ ഞീഴൂർ വിശ്വഭാരതി ഹൈസ്‌കൂളിൽ ദീർഘകാലം മലയാളം അദ്ധ്യാപികയായിരുന്നു. മകൾ രമ്യ തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിംഗ് കോളേജിൽ ഗസ്റ്റ് ലക്ചററാണ്. മകൻ രഞ്ജിത്ത് വി.ആർ. എം.ജി. യൂണിവേഴ്‌സിറ്റി മുട്ടം എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപകനാണ്. മരുമകൻ സുരേഷ് തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ വിഭാഗം മേധാവിയാണ്. മരുമകൾ ഗീതു പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപികയാണ്.