rubber

കോട്ടയം: ആഭ്യന്തര റബർ വില ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയിലധികം ഇടിഞ്ഞു. ഒരവസരത്തിൽ 250 രൂപ കടന്ന വില കഴിഞ്ഞ വാരാന്ത്യത്തിൽ 198 രൂപയിലേക്കാണ് മൂക്കുകുത്തിയത്. രാജ്യാന്തര വിപണിയിലും വില താഴുകയാണ്. മികച്ച വില പ്രതീക്ഷിച്ച് റെയിൻഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് പുനരാരംഭിച്ച് ഷീറ്റാക്കിയ കർഷകർക്ക് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ല. നേരത്തെ കരാർ നൽകിയ ഇറക്കുമതി റബറിനൊപ്പം ആഭ്യന്തര കർഷകരുടെ ചരക്കും വിപണിയിലെത്തിയതാണ് വിലയിടിവ് രൂക്ഷമാക്കിയത്. ആഗസ്റ്റിൽ 75,000 ടൺ ബ്ലോക്ക് റബറും 20000 ടൺ കോമ്പൗണ്ട് റബറും ഉൾപ്പെടെ 95000 ടൺ റബർ ഇറക്കുമതി നടന്നു. സെപ്തംബറിൽ 61,000 ടണ്ണിന്റെ ഇറക്കുമതി റബറും എത്തിയിരുന്നു. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും വില താഴ്ന്നു.

നേട്ടം പ്രതീക്ഷിച്ച് കുരുമുളക് കർഷകർ

കാലാവസ്ഥ വ്യതിയാനം ഉത്പാദന ഇടിവ് സൃഷ്ടിക്കുന്നതിനാൽ കുരുമുളക് വില ശക്തമായി തിരിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ ഉത്പാദനം ഇടിയുകയാണ്. ദീപാവലിക്ക് ഉപഭോഗം കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ മുളക് വിൽക്കാൻ തയ്യാറാകുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ ഹൈറേഞ്ച് കുരുമുളക് വില ടണ്ണിന് 8,150 ഡോളറാണ് .