
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച സുവിശേഷ പ്രവർത്തകനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസനെയാണ് (സണ്ണി- 51) പിടിയിലായത്. കരാട്ടെ അദ്ധ്യാപകൻ കൂടിയായ ഇയാൾ വിവിധ സ്‌കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം കരാട്ടെ ക്യാമ്പിൽ പരിശീലനത്തിനെന്ന പേരിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തിയ ഇയാൾ കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തു. കട്ടപ്പന സ്റ്റേഷനിലെ പൊലീസുകാരനാണെന്നും ഒപ്പമുള്ളത് മകളാണെന്നും ലോഡ്ജ് ജീവനക്കാരെ ധരിപ്പിച്ചു. പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോൾ ഒപ്പമുള്ളത് മകളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ചോദ്യം ചെയ്യലിൽ മകളല്ലെന്ന് സമ്മതിച്ചു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.