മുണ്ടക്കയം: വന്യമൃഗശല്യം അതിരൂക്ഷമായ ആദിവാസി മേഖലകളായ കൊമ്പുകുത്തി, മൂഴിക്കൽ, പാറാന്തോട്, മുക്കുഴി, തടിത്തോട്, ആനക്കല്ല്, തെള്ളിത്തോട്, കാളകെട്ടി, മാങ്ങാപ്പേട്ട, പാക്കാനം തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാർ സംവിധാനം ഫലപ്രദമായി ഇടപെടണമെന്ന് മല അരയ യുവജന സംഘടന. വന്യമൃഗ ശല്യത്താൽ കൃഷിനാശം നേരിട്ട കർഷകരെ യുവജന സംഘടന പ്രവർത്തകർ നേരിട്ട് കണ്ട് നാശനഷ്ടം വിലയിരുത്തി. കർഷകർ നിരവധിപേർ പ്രദേശം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പോകുവാൻ ഭയമാണ്. രക്ഷിതാക്കളും, പുറത്തു ജോലിക്കു പോകുന്നവരും കടുത്ത ഭയത്തിലാണ്. മടുക്കയിൽ നിന്ന് മൈനാകുളം മുതൽ കണ്ണാട്ടുകവല വരെ വനമാണ്. കാട്ടാന ഇറങ്ങി ഇവിടെ നിരന്തരം യാത്രക്കാരെയുംസ്കൂട്ടർ യാത്രികരെയും ആക്രമിക്കുന്നു. പരാതിപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ല. മനുഷ്യന്റെ ജീവനുതന്നെ വലിയ ഭീഷണി ഉയർന്നിരിക്കുകയാണ്. സർക്കാർ സോളാർ ഫെൻസിങ്, ട്രഞ്ച് എന്നിവയുടെ നിർമ്മാണത്തിന് ഏഴര കോടി രൂപ അനുവദിച്ചെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണം. കാർഷിക വിളകൾക്കു നൽകുന്ന നാമമാത്രമായിട്ടുള്ള നഷ്ടപരിഹാരത്തുക കാലോചിതമായി പരിഷ്കരിക്കണം, കൂടുതൽ ആദിവാസി വാച്ചർമാരെ നിയമിക്കണം-യുവജന സംഘടന ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ മല അരയ യുവജന സംഘടന സംസ്ഥാന പ്രസിഡന്റ് ദേവിക രാജനൻ, ജനറൽ സെക്രട്ടറി പ്രൊഫ. സുബിൻ വി അനിരുദ്ധൻ, വൈസ് പ്രസിഡന്റ് പ്രൊഫ. അരുൺ നാഥ്, ട്രഷറർ പ്രൊഫ. സ്വാതി കെ.ശിവൻ, കമ്മറ്റി അംഗങ്ങളായ പി.വി. ബിജുമോൻ, മനീഷ് ചാലപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.