മുണ്ടക്കയം : ജനവാസമേഖലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിൽനിന്നുള്ള വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പദ്ധതി ക്ക് തുടക്കമാവുന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതാണ് വനമേഖല. വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോരുത്തോട് കണ്ടങ്കയത്ത് നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.

പദ്ധതി നടപ്പാക്കുന്നതിനായി ആകെ 7.34 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിലേക്കായി വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, കൃഷിവകുപ്പിന്റെ കൃഷി സംരക്ഷണത്തിനായുള്ള രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി മുഖേനയുള്ള ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തും. കൃഷിവകുപ്പ് ഫണ്ട് വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് വേണ്ടി തുക വിനിയോഗിക്കുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്. വനമേഖലയും ജനവാസമേഖലയുമായി അതിർത്തി പങ്കിടുന്ന അഴുതക്കടവ്, കാളകെട്ടി, കണ്ടങ്കയം, മതമ്പ , കണ്ണാട്ട് കവല , പന്നിവെട്ടുംപാറ, കൊമ്പുകുത്തി, മതമ്പ, മഞ്ഞളരുവി, കുളമാക്കൽ, വണ്ടൻപതാൽ, കരിനിലം, പുലിക്കുന്ന്, കണ്ണിമല, വെള്ളനാടി എസ്റ്റേറ്റ്, മമ്പാടി എസ്റ്റേറ്റ്, പാക്കാനം, ചീനിമരം, പായസപ്പടി, എലിവാലിക്കര, ശാന്തിപുരം, മൂന്നോലി എസ്റ്റേറ്റ്, കീരിത്തോട് , കൊപ്പം, ഇരുമ്പൂന്നിക്കര, തുമരംപാറ, കോയിക്കക്കാവ് തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും ഓരോ പ്രദേശങ്ങളുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായി സോളാർ ഫെൻസിങ്ങ്, ഹാങ്ങിങ്ങ് ഫെൻസിങ്ങ് , കിടങ്ങ് തുടങ്ങിയവ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആണ് നിർമ്മാണ ചുമതല. പദ്ധതി പൂർത്തീകരിക്കുന്നതോടെ നിയോജകമണ്ഡലത്തിലെ കാർഷിക മേഖലകളും, ജനവാസ മേഖലകളും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും. ഇതിൽ കണ്ണാട്ടുകവല, പന്നിവെട്ടുപാറ, കൊമ്പുകുത്തി ഭാഗത്തും, മമ്പാടി മുതൽ പാക്കാനം വരെയും, മഞ്ഞളരുവി മുതൽ കുളമാക്കൽ വരെയും ആന പ്രതിരോധ കിടങ്ങുകളും, ബാക്കി എല്ലാ ഭാഗങ്ങളിലും തൂക്കു സൗരവേലിയുമാണ് നിർമ്മിക്കുക. തൂക്കുവേലി നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് ഏകദേശം 9 ലക്ഷം രൂപയും, കിടങ്ങ് നിർമ്മാണത്തിന് ഏകദേശം 25 ലക്ഷം രൂപയുമാണ് നിർമ്മാണ ചെലവ് വരിക. കിടങ്ങുകൾ രണ്ടു മീറ്റർ ആഴത്തിലും രണ്ടുമീറ്റർ വീതിയിലും നിർമ്മിക്കും. തൂക്കുവേലികൾ 15 അടി ഉയരത്തിലുമാണ് സ്ഥാപിക്കുക.

ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പിലാക്കി കഴിയുമ്പോൾ വനമേഖലയും ജനവാസ മേഖലയും തമ്മിൽ വേർതിരിച്ച് പൂർണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.