
കോട്ടയം: കൈപ്പുഴ മാന്നാനം റോഡിലെ പാലം അപകടാവസ്ഥയിൽ. തകരാൻ ഇനി ബാക്കിയില്ലാതെ അപ്്രോച്ച് റോഡും. കണ്ടില്ലെന്ന് നടിച്ച് അധികൃതരും. പാലത്തിനോട് ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ നിലയിലാണ്. നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. ശോച്യാവസ്ഥയിലായ പാലം പുതുക്കി നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ നടപടിയായിട്ടില്ല. പുതിയ പാലത്തിന് നാല് കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ നിർമ്മാണം എങ്ങുമെത്തിയില്ല. ഒരു വർഷമായി നിർമ്മാണ പ്രവർത്തനം നിലച്ചിട്ട്. 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ കൈവരികൾ ദ്രവിച്ച നിലയിലാണ്.
രാത്രിയിലാണ് കൂടുതൽ ദുരിതം
രാത്രികാലങ്ങളിൽ ഇതുവഴിയെത്തുന്നവർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളും കാടുകയറിയ നിലയിലാണ്. കാൽനടയാത്രികർ ഇഴജന്തുക്കളെയും പേടിക്കണം. റോഡ് പൂർണമായും കുഴികൾ നിറഞ്ഞതോടെ ചെളിയും മലിനജലവും നിറഞ്ഞ നിലയിലാണ്. രാത്രി ഇതുവഴി നടക്കാൻപോലും പേടിയാണെന്ന് പ്രദേശവാസികൾ പറയുന്നു. മാന്നാനം സ്‌കൂളിലേയ്ക്കുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്.
എത്രയുംവേഗം പാലം പുനർനിർമ്മിക്കണം. അപ്റോച്ച് റോഡിന്റെ തകർച്ച നികത്തി സഞ്ചാരയോഗ്യമാക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കും. -പ്രദേശവാസികൾ