
കോട്ടയം: പാടത്ത് പൊങ്ങുന്ന ഡ്രോണുകളെ കുടുംബശ്രീ ചേച്ചിമാർ നിയന്ത്രിക്കും. കാർഷിക മേഖലയിൽ നൂതന സാങ്കേതികവിദ്യകളുടെ സഹായം ലഭ്യമാക്കാൻ എം.ജി സർവകലാശാലയുമായി കൈകോർക്കുകയാണ് കുടുംബശ്രീ. ഇതിനായി പരിശീനവും നൽകും.
കുടുംബശ്രീയും സർവകലാശാല സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസും സംയുക്തമായാണ് പരിശീലനം നൽകുക. ഇന്ന് നടക്കുന്ന ശില്പശാലയിൽ ഡ്രോണിന്റെ പ്രവർത്തനരീതികൾ, അറ്റകുറ്റപ്പണികൾ, കേടുപാടുകൾ പരിഹരിക്കൽ എന്നിവയുടെ അവബോധനവും ഫീൽഡ്തല പ്രവർത്തന പ്രദർശനവും സംഘടിപ്പിക്കും.
ആദ്യഘട്ടത്തിൽ
വിത്തു വിതയ്ക്കാനും വളം തളിക്കാനും വിളകളുടെ വളർച്ച നിരീക്ഷിക്കാനും ഡ്രോണുകൾ
 ഡ്രോണുകളിലൂടെ ശാരീരിക അദ്ധ്വാനം കുറയ്ക്കാം കൃഷി മെച്ചപ്പെടുത്താം
വലിയ ലക്ഷ്യം
കേന്ദ്ര സർക്കാരിന്റെ നമോ ദീദി ഡ്രോൺ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത 49 കുടുംബശ്രീ കർഷകർക്ക് ഡ്രോൺ പറത്തുന്നതിൽ പരിശീലനവും ലൈസൻസും നൽകിയിട്ടുണ്ട്. ഈ മാതൃകയാണ് ജില്ലയിലും പിൻതുടരുന്നത്. ഇവർക്ക് 400 അടി ഉയരത്തിൽ വരെ പറത്താൻ കഴിയുന്ന 10 ലിറ്റർ സംഭരണ ശേഷിയുള്ള ഡ്രോണും നൽകി.
പങ്കെടുക്കുന്നത്: 100 പേർ
'' കാർഷികമേഖലയിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉത്പാദന ക്ഷമത വർധിപ്പിച്ച് കുടുംബശ്രീ വനിതകൾക്ക് ഉയർന്ന വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം'' അഭിലാഷ് ദിവാകർ, ജില്ലാ കോ-ഓർഡിനേറ്റർ