pala-police-station

പാലാ: ഞങ്ങളും മനുഷ്യരാണ് സാർ... ഒന്ന് വേഷം മാറാനുള്ള സൗകര്യമെങ്കിലും വേണ്ടേ സ്റ്റേഷനിൽ. തീരെ ചെറിയ കെട്ടിടം. നിന്നുതിരിയാൻ ഇടമില്ല.

പാലാ പൊലീസ് സ്റ്റേഷനിൽ നേരാംവണ്ണം ഒന്നിരിക്കാൻ പോലും സൗകര്യമില്ലെന്ന് പറയുന്നതാവും ശരി. പാലാ സബ് ഡിവിഷന്റെ കേന്ദ്രമായ പൊലീസ് സ്റ്റേഷനോടാണ് അധികാരികളുടെ അവഗണന. സി.ഐ, എസ്.ഐമാർ ഉൾപ്പെടെ 75ഓളം വരുന്ന ഉദ്യോഗസ്ഥർക്ക് അതിൽ പരാതിയുണ്ട്, പരിഭവമുണ്ട്....

ഹൈവേ, സി.ആർ.വി., മറ്റ് സ്‌പെഷ്യൽ ഡ്യൂട്ടികൾക്കൊക്കെയായി കുറെപേർ പോകും. ബാക്കി ജോലിഭാരം മുഴുവൻ ഏതാനും പേരുടെ തലയിലാവും. സ്വസ്ഥമായിട്ടൊന്ന് ഇരുന്നിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാൻ. പ്രിൻസിപ്പൽ എസ്.ഐ ഉൾപ്പെടെ മൂന്ന് റഗുലർ എസ്.ഐമാരാണുള്ളത്. ഇവരിൽ ഒരാൾക്കിരിക്കാൻ കസേരയോ വച്ചെഴുതാനൊരു മേശയോ പോലുമില്ല. ശൗചാലയത്തിൽ ചിലതൊക്കെ പലപ്പോഴും ബ്ലോക്കാണ്. ഇതൊക്കെ ഒരു പൊലീസ് സ്റ്റേഷന്റെ നേർചിത്രം വരച്ചുകാട്ടുമ്പോൾ ആർക്കും ലജ്ജ തോന്നും.

ജോലിഭാരം, അത് അത്രയേറെ...

പഴയ സ്റ്റാഫ് പാറ്റേൺവച്ചാണ് ഇപ്പോഴും പാലാ പൊലീസ് സ്റ്റേഷന്റെ നടത്തിപ്പ്. കേസുകൾ വളരെയധികം കൂടി. ക്രൈംകേസ് മാത്രം മാസം 70ന് മേൽവരും. മറ്റ് കേസുകൾ 60ലേറെ വരും. ഇതെല്ലാം കൂടി കൈകാര്യം ചെയ്യാനാവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ല. സൈബർ കേസുകളും കുറവല്ല.
സ്റ്റേഷനിലെ അസൗകര്യങ്ങൾ കേസ് അന്വേഷണത്തെ പോലും ബാധിക്കുന്നതായി ഉദ്യോഗസ്ഥരും തുറന്നുസമ്മതിക്കുന്നു.


ആര് വഴിയിൽ നിൽക്കും

മുമ്പ് പാലാ നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിക്ക് പത്ത് ഹോംഗാർഡുമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ എണ്ണം രണ്ടായി ചുരുങ്ങി. ട്രാഫിക്കിൽ 15ൽതാഴെ ഉദ്യോഗസ്ഥർ മാത്രം. എന്നിട്ടും കടുത്ത സമ്മർദ്ദമനുഭവിച്ച് ഇവർ ജോലി ചെയ്യുകയാണ്. പഴയ സി.ഐ ഓഫീസാണ് ഇപ്പോഴത്തെ ട്രാഫിക് പൊലീസ് ആസ്ഥാനം. ഹോംഗാർഡുകളെയെങ്കിലും നിയമിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.

ഞങ്ങളുടെ വേദന ആരറിയാൻ

ഞങ്ങൾ ജോലി ചെയ്യുന്നില്ലെന്ന ആക്ഷേപം ഒരുപക്ഷേ ഉയർന്നേക്കാം. നിലവിൽ ഞങ്ങളെല്ലാവരും തുടർച്ചയായി ജോലിയെടുത്താണ് ഒരുവിധമെങ്കിലും സ്റ്റേഷന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്

(പാലാ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ)