കോട്ടയം: 2275 ബെഡുകളുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ സി.ടി സ്കാൻ സംവിധാനം തകരാറിലായി രണ്ടു മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തത് ഏറ്റവും വലിയ അനാസ്ഥയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ കുറ്റപ്പെടുത്തി.

നിർദ്ധന രോഗികൾ പോലും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വാറന്റി കാലാവധിയുണ്ടായിരുന്നിട്ടും തകരാര്‍ പരിഹരിക്കാത്തത് ഏറ്റവും വലിയ അനാസ്ഥയാണ്. ഐ.സിയുവിൽ കിടക്കുന്ന രോഗികളിൽ നിന്നും ദിവസേന 500 രൂപ ഫീസായി ആശുപത്രി വികസന സമിതി വാങ്ങുന്നുണ്ട്. ഈ പണം ഉപയോഗിച്ചു തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നില്ല. സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാർ ഇല്ല. പി.എസ്.സി വഴി നിയമനം നടത്താതെ പിൻവാതിൽ നിയമനമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മെൻസ് ഹോസ്റ്റലിന്റെ അവസ്ഥ അതീവ ദയനീയമാണ്. ജനല്‍ പാളി അടർന്നു വീണ് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റിയ സംഭവം വരെയുണ്ടായി. മെൻസ് ഹോസ്റ്റലിന്റെ മെയിന്റനന്‍സ് അടിയന്തിരമായി നടത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷണൻ ശ്രദ്ധ ക്ഷണിക്കലിൽ ഉന്നയിച്ചു.