
കോട്ടയം: സ്വകാര്യ ബസുകളിൽ പരിശോധന, 103 വാഹനങ്ങളിൽ നിന്നായി 12,0000 രൂപ പിഴ ഈടാക്കി. കോട്ടയംആർ.ടി.ഒ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് വാഹനപരിശോധന നടത്തിയത്. സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം വർദ്ധിച്ചുവരുന്ന അപകടങ്ങളുടെ സാദ്ധ്യത കണക്കിലെടുത്ത് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.ശ്യാമിന്റെ നിർദ്ദേശത്തെ തുടർന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പരിശോധനയിൽ 14 സ്വകാര്യ ബസുകളുടെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി. ഈ വാഹനങ്ങളുടെ സർവീസ് നിർത്തിവയ്ക്കുവാൻ നിർദ്ദേശം നൽകി. ഇത്തരം വാഹനങ്ങളുടെ ക്രമക്കേടുകൾ പരിഹരിച്ച ശേഷം കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ മുൻപാകെ വാഹനം ഹാജരാക്കിയ ശേഷമേ സർവീസ് നടത്താൻ പാടുള്ളൂയെന്ന് നിർദേശം നൽകി. അമിത ശബ്ദത്തിലുള്ള എയർ ഹോൺ മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച 15 ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചു.
എം.വി.ഐമാരായ ബി.ആശാകുമാർ, ജോസ് ആന്റണി, എ.എം.വി.ഐമാരായ മനോജ് കുമാർ, ഗണേഷ് കുമാർ, സജിത്ത്, രജീഷ്, സെബാസ്റ്റ്യൻ, രാജു , ദീപു ആർ.നായർ, ഡ്രൈവർമാരായ അനീഷ് ഫ്രാൻസിസ്, ജയരാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ജില്ലയിലെ മറ്റു താലൂക്കുകളിലും കർശന വാഹന പരിശോധന നടത്തുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.