
കോട്ടയം: പൂരങ്ങളിൽ തലയെടുപ്പുള്ള കൊമ്പൻ, അക്ഷര നഗരിയുടെ അഭിമാനമായിരുന്ന യുവരാജൻ എന്നിങ്ങനെ വിശേഷണങ്ങളേറെയാണ് ഭാരത് വിനോദ് എന്ന കൊമ്പന്. കുമ്മനത്തെകെട്ടും തറിയിൽ ഇപ്പോഴും ഭാരത് വിനോദ് തലയെടുപ്പോടെ നിൽക്കുന്നു. കൊമ്പൻ ഭാരത് വിനോദിന്റെ ഓർമ്മയിൽ ഭാരത് ഗ്രൂപ്പ് ഉടമ വിനോദ് വിശ്വനാഥൻ നിർമ്മിച്ചത് 11 അടി ഉയരമുള്ള ശിൽപമാണ്.
ഒരുവർഷം മുൻപാണ് ഭാരത് വിനോദ് ചരിഞ്ഞത്. വിനോദിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ശിൽപ്പം ഒരുക്കാൻ തീരുമാനിച്ചത്. വിപിൻ രാജ് എന്നയാൾ മംഗലാംകുന്ന് കർണൻ, മാവേലിക്കര ഉണ്ണിക്കൃഷ്ണൻ എന്നീ ആനകളുടെ ശിൽപ്പം ഒരുക്കിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇദേഹത്തെ ബന്ധപ്പെടുകയും വിനോദിനോട് ശിൽപ്പം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വിനോദിന്റെ ഒരു സവിശേഷതകളും ചോരാതെ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ശിൽപ്പം ഒരുക്കിയിരിക്കുന്നത്. നാലരമാസം കൊണ്ടാണ് ശിൽപ്പം പൂർത്തിയാക്കിയത്.
തൃശ്ശൂർപൂരത്തിന് പാറേമേക്കാവിന്റെ വലത്തേകൂട്ടാനയുടെ സ്ഥാനം കിട്ടുകയെന്നാൽ 15 ആനയിൽ രണ്ടാംസ്ഥാനമാണ്. ഏഴ് വർഷം മുൻപാണ് വിനോദ് കോട്ടയം ഭാരത് ഗ്രൂപ്പിന്റെ അംഗമായത്. പിന്നീട്, തിരുനക്കര മഹാദേവക്ഷേത്രത്തിലെ സ്ഥിരം സാന്നിദ്ധ്യമായി. അക്ഷരനഗരിയുടെ പൂരത്തിന് തേവരുടെ പൊന്നും തിടമ്പ് എഴുന്നള്ളിക്കുന്ന സൗഭാഗ്യം ലഭിച്ചതോടെ ഏറെ പ്രശസ്തനായി. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും അടക്കം വിവിധ ഉത്സവക്ഷേത്രങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. വൈക്കം, തൃപ്പൂണിത്തറ, ഇരിങ്ങാലക്കുട, തൃശ്ശൂർപൂരം, ഉത്രാളിക്കാവ് പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിൽ പങ്കാളിയായിരുന്നു. കുളമ്പ് രോഗചികിത്സയിലിരിക്കെയാണ് ഭാരത് വിനോദ് ചരിഞ്ഞത്. ഭാരത് ആശുപത്രി ഉടമ ഡോ. വിനോദ് വിശ്വനാഥൻ, മറ്റ് ബന്ധുക്കൾ എന്നിവരുടെയും ആനപ്രേമികളുടെയും മനസിൽ ഇന്നും അണയാതെ ഭാരത്് വിനോദ് എന്ന കൊമ്പൻ തലയെടുപ്പോടെയുണ്ട്.