കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കാൻ ഭവന നിർമാണ ബോർഡിന്റെ ആശ്വാസ് വാടക വീടുകൾ വരുന്നു. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം 17ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ. രാജൻ നിർവഹിക്കും. മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പാക്കുന്നത്. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി ആകും.