acc

പൊൻകുന്നം: ഇനി കൃത്യം ഒരുമാസം... മണ്ഡലകാലം ആരംഭിച്ചാൽ ജില്ലയിലെ പാതകൾ അയ്യപ്പഭക്തരുടെ വാഹനങ്ങൾക്കൊണ്ട് നിറയും. പക്ഷേ എന്തു സുരക്ഷയെന്ന് ചോദിച്ചാൽ അധികാരികൾക്ക് ഉത്തരമില്ല. ശബരിമല സീസൺ പടിവാതിക്കൽ എത്തിയിട്ടും മുന്നൊരുക്കങ്ങളൊന്നും പാതകളിൽ എവിടെയും തുടങ്ങിയിട്ടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം തീർത്ഥാടകർ ഒഴുകിയെത്തുന്ന പ്രധാന പാതകളാണ് ദേശീയപാത 183 യും പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയും. റോഡ് തകർന്നിട്ടില്ലെങ്കിലും പ്രധാന ജംഗ്ഷനുകളിലടക്കം പലയിടത്തും അടയാളബോർഡുകളും ദിശാസൂചക ബോർഡുകളുമില്ല. പാതകൾക്കിരുവശവും കാഴ്ച മറയ്ക്കുന്നവിധം കാട് വളർന്നതും യാത്രക്കാർ ക്ക് കെണിയാകുന്ന സാഹചര്യമുണ്ട്. ദേശീയപാതയിൽ ഇളമ്പള്ളി കവലയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ച അപകടം നടന്നത് ഒരാഴ്ച മുമ്പാണ്. സംസ്ഥാനപാതയിൽ രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ച സംഭവവുമുണ്ടായി. ഇത്തരം അപകടങ്ങൾക്കിടയാകുന്ന കാരണങ്ങൾ അതേപടി നിലനിൽക്കുമ്പോഴാണ് ഒരു ശബരിമല തീർത്ഥാടനംകൂടി കടന്നുവരുന്നത്.

വരയില്ല, ഒപ്പം വഴിവിളക്കും...

പ്രധാന ജംഗ്ഷനുകളിൽ സീബ്രാലൈനുകൾ മാഞ്ഞുപോയി. വഴിവിളക്കുകൾ മിക്കതും തെളിയുന്നില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പാലാറോഡിൽ 40 മീറ്റർ ഇടവിട്ട് സ്ഥാപിച്ച സോളാർ വിളക്കുകൾ തെളിയാതായിട്ട് വർഷങ്ങളായി. വീതികൂട്ടി നർമ്മിച്ച റോഡിൽ മുക്കിന് മുക്കിന് തട്ടുകടകളാണ്. ശബരിമല സീസൺ ആകുന്നതോടെ റോഡ് കൈയേറി സ്ഥാപിക്കുന്ന കടകളുടെ എണ്ണം കൂടും.ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കാറില്ല.

ഓടകളിൽ ചപ്പുചവറുകൾ നിറഞ്ഞ് കാടുമൂടി.

മഴയിൽ വെള്ളം റോഡ് നിറഞ്ഞ് ഒഴുകുന്നു.

ക്രാഷ് ബാരിയറുകളില്ല

അപകടമേഖലകളിൽ ക്രാഷ് ബാരിയറുകളോ സ്പീഡ് ബ്രേക്കറുകളോയില്ല. സാധാരണ അപകടങ്ങൾ തുടർക്കഥയാണ്. തീർത്ഥാടനകാലത്തെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.