ppp

പാലാ: മികച്ച കെട്ടിടം. അവിടെ സന്തോഷത്തോടെ ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ... വലിയയൊരു ആശയവും നാടിന്റെ ആവശ്യവും ഇന്നലെ പാലായിലെ പൗരപ്രമുഖർ കേരളകൗമുദിയുമായി പങ്കുവെച്ചു. കുടുസുമുറിയിലെ നിയമപാലനം എന്ന തലക്കെട്ടിൽ പാലാ പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥ കേരളകൗമുദി ചൂണ്ടിക്കാട്ടിയപ്പോൾ സ്റ്റേഷൻ നവീകരണത്തിനായി അവർ ഒന്നടങ്കം കൈകോർക്കുകയാണ്. ഒരു നാടിന്റെ പൊതുആവശ്യത്തിനായി ഒരേമനസോടെ മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം. അത് അവർ തുറന്നുപറയുകയും ചെയ്യും.

പാലാ പൊലീസ് സ്റ്റേഷൻ നവീകരണത്തിനായി കൂട്ടായ പ്രയത്‌നമാണ് ആവശ്യം. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ പാലാ പൊലീസ് സ്റ്റേഷൻ നവീകരിക്കാൻ ഒരുകോടി രൂപയോളം അനുവദിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ നടപടികൾ മുന്നോട്ടുപോയില്ല. ഇത് പുനരുജ്ജീവിപ്പിക്കാൻ എം.എൽ.എയുടെയും എം.പി.മാരുടെയുമൊക്കെ സഹായം തേടും. നഗരസഭയുടെ ഭാഗത്തുനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യും.

ഷാജു വി. തുരുത്തൻ, നഗരസഭാ ചെയർമാൻ

 പൊലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് സഹിതം മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡി.ജി.പി എന്നിവർക്ക് നാളെത്തന്നെ നിവേദനം നൽകും. പൊലീസ് സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കും. കൗൺസിലിൽ ഐകകണ്‌ഠേനയുള്ള പ്രമേയം പാസാക്കി സർക്കാരിലേക്ക് അയക്കുന്നത് നല്ലതാണ്.

പ്രൊഫ. സതീശ് ചൊള്ളാനി,നഗരസഭാ പ്രതിപക്ഷ നേതാവ്

പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ദുരിതങ്ങൾ സംബന്ധിച്ച് കേരളകൗമുദി ചൂണ്ടിക്കാട്ടിയത് നൂറുശതമാനം ശരിയാണ്. ഇക്കാര്യങ്ങൾ വിശദമായ റിപ്പോർട്ടോടെ ജോസ് കെ. മാണി എം.പിയുടെ ശ്രദ്ധയിൽപെടുത്തും. സ്റ്റേഷൻ നവീകരണത്തിന് മറ്റ് പൊതുപ്രവർത്തകർക്കൊപ്പം നിരന്തര പരിശ്രമം നടത്തും.

ജോസുകുട്ടി പൂവേലിൽ
കെ.ടി.യു.സി.(എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്

പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥയും ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ബുദ്ധിമുട്ടും എത്രയുംവേഗം പരിഹരിക്കാൻ ആവുന്നതെല്ലാം ചെയ്യും. ഇക്കാര്യത്തിൽ നഗരസഭാ ചെയർമാനുമായി ബന്ധപ്പെട്ട് കൗൺസിലിൽ ഔദ്യോഗിക തീരുമാനമെടുത്ത് അത് സർക്കാരിലേക്ക് അയപ്പിക്കാൻ ശ്രമിക്കും.

ബൈജു കൊല്ലംപറമ്പിൽ
പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ

പാലാ പൊലീസ് സ്റ്റേഷന്റെ പരാധീനതകളെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്ത വാർത്ത നിവേദനമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും ഇന്നയയ്ക്കും.

ജോയി കളരിക്കൽ
പാലാ പൗരാവകാശ സമിതി പ്രസിഡന്റ്


ഫോട്ടോ:
ഷാജു വി. തുരുത്തൻ
പ്രൊഫ. സതീശ് ചൊള്ളാനി
ബൈജു കൊല്ലംപറമ്പിൽ
ജോയി കളരിക്കൽ
ജോസുകുട്ടി പൂവേലിൽ