പാലാ: ഈ വർഷത്തെ പാല ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം ഇഗ്‌നേറ്റ് 2024 ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേള 17, 18 തീയതികളിൽ ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ. പി. സ്‌കൂൾ എന്നിവിടങ്ങളിലായി നടത്തുമെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

എൽ. പി, യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 65 സ്‌കൂളുകളിൽ നിന്നായി 2600 കുട്ടികൾ മാറ്റുരയ്ക്കുന്നു. 17ന് രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും.

ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ നടക്കും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പൊരിയത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മേളയ്ക്ക് തിരി തെളിക്കും.

വെള്ളിയാഴ്ച വൈകിട്ട് 4 ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അദ്ധ്യക്ഷത വഹിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനം ചെയ്യും. പാലാ സബ്ജില്ല എ. ഇ. ഒ. ഷൈല ബി. സമ്മാന വിതരണം നടത്തും.

പത്രസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും ഭരണങ്ങാനം വാർഡ് മെമ്പറുമായ ജോസുകുട്ടി അമ്പലമറ്റത്തിൽ, എ. ഇ. ഒ. ഷൈല ബി., എച്ച്. എം. ഫോറം സെക്രട്ടറി ഷിബുമോൻ ജോർജ്, പി. റ്റി. എ. പ്രസിഡന്റ് ചെയ്‌സ് തോമസ്, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കൺവീനർ ആൽബിൻ ജോർജ് എന്നിവർ പങ്കെടുത്തു.