trial-point

കുമരകം : മുത്തേരിമടയിലെ ട്രയൽ പോയിന്റ് മിനി പാർക്ക് പരിപാലനമില്ലാതെ കാടുകയറി നശിക്കുന്നു. കുമരകം ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മിനി പാർക്ക് വള്ളംകളി പരിശീലനം നടക്കുന്ന മുത്തേരിമടയാറിന്റെ ഫിനിഷിംഗ് പോയിന്റിലാണ്. മൂന്നു ജലാശയങ്ങളുടെ സംഗമസ്ഥാനത്തുള്ള പാർക്കിന്റെ പരിപാലനം താളം തെറ്റിയതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രഭാത , സായാഹ്ന സമയത്ത് ആളുകൾ വിശ്രമിക്കാനും മറ്റും പാർക്കിലെത്തുന്നുണ്ട്. സായാഹ്നസമയത്ത് എത്തുന്നവർക്ക് പാർക്കിലെ വഴി വിളക്കുകൾ പ്രകാശിക്കാത്തത് ദുരിതമായിട്ടുണ്ട്. ഇതുമൂലം കൂടുതൽ സമയം പാർക്കിൽ ചെലവഴിക്കാൻ കഴിയുന്നില്ല.

വലിയ വാഹന തിരക്കും പതിവായുണ്ടാകുന്ന അപകടങ്ങളും കാരണം കോട്ടയം - കുമരകം പ്രധാന റോഡ് ഒഴിവാക്കി പലരും തിരുവാർപ്പ് - അട്ടിപീടിക റോ‌ഡ്, കണ്ണാടിച്ചാൽ നാരകത്ര റോഡിലൂടെ സഞ്ചരിക്കാറുണ്ട്. ഇങ്ങനെ യാത്ര ചെയ്യുന്നവർ പാർ‌ക്കിലെത്തി വിശ്രമിക്കാറുണ്ട്. വ്യായാമങ്ങൾക്കായും ആളുകൾ പാർക്കിലെത്താറുണ്ട്.

വള്ളംകളിയുടെ ഈറ്റില്ലമായ മുത്തേരിമടയാറ്റിൽ വച്ച് മുത്തേരിമട ജലോത്സവം കൂടി ആരംഭിച്ചതോടെ പാർക്കിനെ നല്ല രീതിയിൽ നവീകരിക്കാൻ അധികൃതർ തയാറാവേണ്ടതുണ്ട്. പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ, ബോട്ടുജെട്ടി തോട്ടു മുഖപ്പ് കായൽ തീരം, ഗ്രാമീണ റോഡുകൾ തുടങ്ങിയ ഇടങ്ങളെ ഇതു പോലെ പരിപാലനമില്ലാതെ നശിയ്ക്കുകയാണ്. വിനോദ സഞ്ചാര മേഖലയിൽ ലോക ശ്രദ്ധ നേടുകയും, ഉത്തരവാദ ടൂറിസം മേഖല പിറവിയെടുക്കുകയും ചെയ്ത നാടാണ് കുമരകം. കുമരകത്ത് എത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ വഞ്ചിവീടുകളിലും, ശിക്കാര വള്ളങ്ങളിലുമൊക്കെയായി കായലൊന്ന് വലം വച്ച് തിരിച്ച് റിസോർട്ടുകളിൽ താമസിക്കുകയാണ് പതിവ് രീതികൾ. കായൽ കാഴ്ചകൾക്ക് അപ്പുറത്തുള്ള കുമരകത്തിന്റെ ഗ്രാമീണ ഭംഗിയും, ഗ്രാമീണ ജീവിതവും, നാട്ടിലെ രുചിഭേദങ്ങളുമെല്ലാം സഞ്ചാരികൾക്കുള്ള വിഭവങ്ങളാക്കുമ്പോഴാണ് കൂടുതൽ തൊഴിലും വരുമാനവും നാട്ടിലെത്തിക്കാനാവുന്നത്. ഇക്കാര്യത്തിൽ സമീപ പഞ്ചായത്തുകളൊക്കെ ബഹുദൂരം മുന്നേറുന്നതായി കാണാം.