രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മംകൊണ്ടും കർമ്മംകൊണ്ടും അനുഗ്രഹീതമായ രാമപുരത്തേക്ക് അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥം തേടി പതിനായിരങ്ങൾ ഇന്ന് തീർഥാടകരായി എത്തിച്ചേരും. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ദിനമായ ഇന്ന് രാമപുരത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ഇന്ന് രാവിലെ 6 ന് നമസ്‌കാരം, 6.15 നും, 7.15 നും വിശുദ്ധ കുർബാനയും നൊവേനയും,​ 9 ന് നേർച്ചഭക്ഷണം വെഞ്ചരിപ്പ്, 10 ന് ആഘോഷമായ തിരുനാൾ കുർബാന മാർ ജോസഫ് കല്ലറങ്ങാട്ട്, 10.30 ന് വെള്ളിലാപ്പിള്ളി, ആർ.വി.എം. സ്‌കൂൾ, എസ്.എച്ച്. ഹൈസ്‌കൂൾ ജംഗ്ഷൻ, മഞ്ചാടിമറ്റം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പള്ളിയിലേയ്ക്ക് പാലാ രൂപതാ ഡി.സി.എം.എസിന്റെ നേതൃത്വത്തിൽ പദയാത്ര, 11.45 ന് പദയാത്രക്ക് സ്വീകരണം, 12 ന് തിരുനാൾ പ്രദക്ഷിണം, 1.30 ന് കുർബാന ഫാ. ജോസ് വടക്കേക്കൂറ്റ്, 4.30 ന് കുർബാന ഫാ. തോമസ് മണ്ണൂർ. വെഞ്ചരിപ്പിന് ശേഷം രാവിലെ മുതൽ പള്ളി മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന 11 കൗണ്ടറുകളിലൂടെ തുടർച്ചയായി നേർച്ചഭക്ഷണം വിതരണം ചെയ്യും. ഇതിനായി 3000 കിലോ അരിയുടെ ചോറും, 1000 കിലോ പയറും, 1200 ലിറ്റർ തൈര് ഉപയോഗിച്ച് ഉണ്ടാക്കുന്ന പുളിശ്ശേരിയും, 400 കിലോ നാരങ്ങയുടെ അച്ചാറും ആണ് തയ്യാറാക്കിയിരിക്കുന്നത്. ഭക്തജനങ്ങൾക്ക് കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുന്നതിനും, നേർച്ചകാഴ്ച്ചകൾ സമർപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനും, നേർച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുമായി അറുന്നൂറോളം സേവന സന്നദ്ധരായ വോളന്റിയർ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് പ്രമാണിച്ച് ഭക്തജനങ്ങളുടെ സൗകര്യാർത്ഥം തിരക്കുള്ള സമയങ്ങളിൽ പാലായിൽ നിന്നും, ചക്കാമ്പുഴ വഴിയും, ഏഴാച്ചേരി വഴിയും, കൂത്താട്ടുകുളം, കുണിഞ്ഞി എന്നിവിടങ്ങളിൽ നിന്നും രാമപുരത്തേക്കും തിരിച്ചും കെ.എസ്.ആർ.റ്റി.സി. പ്രത്യേക ബസ് സർവീസുകൾ നടത്തും. സ്വകാര്യ വാഹനങ്ങളിൽ വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം സ്‌കൂൾ ഗ്രൗണ്ടിലും ക്രമീകരിച്ചിട്ടുണ്ട്. തിരുനാളിന് വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ, സഹ വികാരിമാരായ ഫാ. എബ്രാഹം കാക്കാനിയിൽ, ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ജോൺ മണാങ്കൽ, ഹോസ്റ്റൽ വാർഡൻ ഫാ. ജോർജ് പറമ്പിത്തടത്തിൽ, കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവിൽ, സജി മിറ്റത്താനി, മാത്തുക്കുട്ടി തെങ്ങുംപള്ളിൽ, സിബി മുണ്ടപ്ലാക്കൽ എന്നിവർ നേതൃത്വം വഹിക്കും.