വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണശ്രമം. വലിയ കവലയിലെ അലങ്കാര ഗോപുരത്തിന് സമീപം സ്ഥാപിച്ച കാണിക്കവഞ്ചിയുടെ താഴ് തകർത്താണ് മോഷണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെ കട തുറക്കാൻ എത്തിയ സമീപത്തെ വ്യാപാരികളാണ് കാണിക്കവഞ്ചിയുടെ പൂട്ട് തകർന്ന് കിടക്കുന്ന നിലയിൽ കണ്ടതും അധികൃതരെ വിവരം അറിയിച്ചതും. തുടർന്ന് ദേവസ്വം അധികൃതർ വൈക്കം പൊലീസിൽ പരാതി നൽകി. വൈക്കം എസ്.എച്ച്.ഒ സുകേഷ് എസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കാണിക്കവഞ്ചി സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിന്റെയും അതിനുള്ളിലെ കാണിക്ക കുറ്റിയുടെയും താഴ് തകർത്ത നിലയിലായിരുന്നു. നോട്ടുകളും ചില്ലറ തുട്ടുകളും അടക്കം കാണിക്ക കുറ്റിയിൽ ചിതറി കിടപ്പുണ്ടായിരുന്നു. കഴിഞ്ഞ മാസം 5 ന് ഇതിൽ നിന്നുള്ള കാണിക്ക അധികൃതർ എണ്ണി തിട്ടപ്പെടുത്തി എടുത്തിരുന്നു. കാണിക്കവഞ്ചിയിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രഥമിക നിഗമനം. താ‌ഴ് തകർത്ത ശേഷം മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ വാഹനങ്ങൾ ഇതുവഴി കടന്ന് പോയതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞതാകാമെന്നാണ് കരുതുന്നത്. വലിയ കവല ഭാഗത്ത് ഓട്ടോസ്റ്റാന്റും മറ്റും ഉണ്ടെങ്കിലും അലങ്കാര ഗോപുരത്തിന് ചുറ്റും വിവിധ സംഘടനകൾ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ നിൽക്കുന്നത് മൂലം ഈ ഭാഗത്ത് ഇരുട്ടും മറയും മൂലം ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ ആരോപിച്ചു. വലിയ കവല ഭാഗത്ത് പോലീസ് സ്ഥാപിച്ച സി.സി.ടി.വിയും മാസങ്ങളായി തകരാറിലാണ്. കൊച്ചാലും ചുവട് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച കാണിക്ക വഞ്ചി തകർത്ത് മോഷ്ടാക്കൾ അടുത്ത കാലത്താണ് പണം അപഹരിച്ചത്.