kseb

പാലാ: കെ.എസ്.ഇ.ബി അധികാരികൾക്ക് ഉപയോക്താക്കളെ വിളിച്ചുകൂട്ടാൻ ഭയമാണോ?​. പരാതി പ്രളയമുണ്ടാവുമോയെന്ന ഭയം. അടുത്തിടെ മാണി സി. കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പൊതുജനപങ്കാളിത്തവും പരാതി പ്രളയവും ഉദ്യോഗസ്ഥർ കണ്ടതാണ്. അതുകൊണ്ടാവാം പാലാ ഇലക്ട്രിക്കൽ സർക്കിളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ഉദ്ഘാടനത്തിന് പ്രശ്‌നമുണ്ടാക്കില്ലെന്നറിയാവുന്ന ഏതാനും ഉപയോക്താക്കളെ മാത്രം വിളിച്ച് പെട്ടെന്നൊരു തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തി മേലധികാരികളുടെ കണ്ണിൽ പൊടിയിട്ടത്. പൊതുജനം അറിയുമെന്ന് കരുതി മാദ്ധ്യമങ്ങൾക്ക് വിവരം നല്കാനും അധികാരികൾ തയ്യാറായില്ല. എന്നാൽ തട്ടിക്കൂട്ട് ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം ഇതു സംബന്ധിച്ച് വിശദമായ വാർത്ത ഒരു മാദ്ധ്യമത്തിന് മാത്രം നൽകി കൈകഴുകുകയും ചെയ്തു.

സബ് എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഡപ്യൂട്ടി ചീഫ് എൻജിനീയർ

ഇതേ സമയം ആഭ്യന്തര പരാതിപരിഹാര സെൽ ഉദ്ഘാടനം വളരെ പെട്ടെന്ന് തീരുമാനിച്ച് നടത്തിയതാണെന്നും ഇതു സംബന്ധിച്ച അറിയിപ്പുകൾ നൽകാൻ പാലാ ഡിവിഷനിലെ ഒരു സബ് എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പാലാ ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ സാജമ്മ ജെ. പുന്നൂർ ''കേരള കൗമുദി''യോട് പറഞ്ഞു.

ഉപഭോക്താക്കളുടെ പരാതികളും ആവലാതികളും വേഗത്തിലും ന്യായയുക്തമായും പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് വൈദ്യുതി വകുപ്പ് പുതുതായി രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ പാലാ ഇലക്ട്രിക്കൽ സർക്കിൾതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനാണ് നിർവഹിച്ചത്. പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സാജമ്മ ജെ പുന്നൂർ അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ കുറെ കാലങ്ങളായി കെ.എസ്.ഇ.ബി. സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്നെല്ലാം കഴിയുന്നത്ര ഉപയോക്താക്കളെ ഒഴിവാക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നത്. ഇതിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രി, കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ എന്നിവർക്ക് പരാതി നൽകും.
ജോയി കളരിക്കൽ, പാലാ പൗരാവകാശ സമിതി പ്രസിഡന്റ്