minister

കോട്ടയം : വീട്ടുമുറ്റത്ത് സേവനം കൊടുക്കാൻ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകൾക്കും വെറ്ററിനറി ആംബുലൻസുകൾ നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കന്നുകാലി വന്ധ്യതാ നിവാരണ മേഖലാ റഫറൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം തലയോലപ്പറമ്പിൽ നിർവഹിക്കുകയായിരുന്നു അവർ. കാലാവസ്ഥ വ്യതിയാനവും പ്രതികൂലസാഹചര്യവുമുണ്ടായിട്ടും പാൽ ഉത്പാദനക്ഷമതയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്താൻ കേരളത്തിനായി. ഈ വർഷത്തോടെ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങിയത്. മിൽമയുടെ കണക്കിൽ സ്വയം പര്യാപ്തതയിലെത്താൻ പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവുണ്ട്. എന്നാൽ ഈ കണക്കിന് പുറത്ത് നിരവധി ക്ഷീരകർഷകർ കേരളത്തിൽ പാലുത്പാദിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ. രാജീവ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.