രാമപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആയിരക്കണക്കിന് തീർത്ഥാടകർക്ക് ആത്മീയ അനുഭവമായി മാറി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ രാവിലെ മുതൽ ആരംഭിച്ച തിരുക്കർമ്മങ്ങളിൽ വിശ്വാസികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 10ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അർപ്പിച്ച ആഘോഷപൂർവമായ തിരുനാൾ കുർബാനയിൽ ആയിരങ്ങളാണ് ഭക്ത്യാദരപൂർവ്വം പങ്കുകൊണ്ടത്. തുടർന്ന് 12 മണിയോടെ ആരംഭിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ അനേകയിരങ്ങളാണ് പ്രാർത്ഥനാപൂർവം അണിനിരന്നത്. ഡി.സി.എം.എസ്. പാലാ രൂപതാ ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റിന്റെ നേതൃത്വത്തിൽ വെള്ളിലാപ്പിള്ളി, ആർ.വി.എം. സ്‌കൂൾ, എസ്.എച്ച്. ഹൈസ്‌കൂൾ, മഞ്ചാടിമറ്റം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടന പദയാത്ര രാമപുരം പള്ളി അങ്കണത്തിൽ എത്തി. തീർഥാടന പദയാത്രയ്ക്ക് രാമപുരം പള്ളിയങ്കണത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ഫാ. ബെർക്കുമാൻസ് കുന്നുംപുറത്തിന്റെയും, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോണി ഇടക്കര, സഹ വികാരിമാരായ ഫാ. എബ്രാഹം കാക്കാനിയിൽ, ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ജോൺ മണാങ്കൽ, ഹോസ്റ്റൽ വാർഡൻ ഫാ. ജോർജ് പറമ്പിത്തടത്തിൽ, കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവിൽ, സജി മിറ്റത്താനി, മാത്തുക്കുട്ടി തെങ്ങുംപള്ളിൽ, സിബി മുണ്ടപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന വൈദീക മന്ദിരത്തിൽ തറക്കല്ലിടീൽ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
രാവിലെ 9 മുതൽ തുടർച്ചയായി വിളമ്പിയ നേർച്ച ഭക്ഷണവും സ്വീകരിച്ചാണ് തീർത്ഥാടകർ മടങ്ങിയത്. നേർച്ച ഭക്ഷണ വിതരണം വൈകിട്ട് 6 വരെ തുടർന്നു. എഴുപത്തി അയ്യായിരത്തോളം വിശ്വാസികൾ നേർച്ച സ്വീകരിച്ചു. തീർത്ഥാടകർക്കായി വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ടും സേവന സന്നദ്ധരായ വോളന്റിയർമാരുടെ നിയന്ത്രണങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നതുകൊണ്ടും തിരുനാളിൽ സംബന്ധിക്കാൻ എത്തിയവർക്കെല്ലാം കുഞ്ഞച്ചന്റെ കബറിടം സന്ദർശിച്ച് സുഗമമായി പ്രാർത്ഥനകൾ നടത്താനും സാധിച്ചു.