thirunkra

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെത്തിയാൽ മൂക്ക് പൊത്താതെ രക്ഷയില്ല. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ എത്തുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുകൂടിയാണ് മലിനജലം ഒഴുകുന്നത്. പിന്നെങ്ങനെ ദുർഗന്ധം വരാതിരിക്കും. മാലിന്യമുക്തകേരളം എന്ന സന്ദേശം കാറ്റിൽപറത്തിയാണ് നഗരസഭ അധികൃതരുടെ മൂക്കിന് കീഴെ മലിനജലം പരന്നൊഴുകുന്നത്.

മാസങ്ങൾക്ക് മുന്പ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ചു നീക്കിയതോടെ കാത്തിരിപ്പ് കേന്ദ്രം ഇല്ലാതാവുകയും സ്റ്റാൻഡ് പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പൊളിച്ചുനീക്കിയിട്ടും സ്റ്റാൻഡ് പ്രവർത്തനം പുനരാരംഭിക്കാതെ വന്നതോടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് അടുത്ത കാലത്ത് സ്റ്റാൻഡിൽ ബസുകൾ കയറി ഇറങ്ങി തുടങ്ങിയത്. ഈ സമയത്ത് കാത്തിരിപ്പ് കേന്ദ്രം ഇല്ലായിരുന്നു. യാത്രക്കാർ വെയിലത്തും മഴയത്തും സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലായിരുന്നു. പിന്നീട് സ്‌പോൺസറുടെ സഹായത്തോടെയാണ് താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചതോടെയാണ് യാത്രക്കാരുടെ ദുരിതത്തിന് അവസാനമായത്.

മാലിന്യത്തിൽ മുങ്ങി പരിസരം
കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിൽ സമീപത്തെ ഹോട്ടലിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നതാണ് ഇപ്പോഴത്തെ ദുരിതം. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് യാത്രക്കാർ പൊറുതിമുട്ടിയ നിലയിലാണ്. കനത്തമഴയിൽ ചെളിനിറഞ്ഞു കിടക്കുന്ന നിലയിലാണ് സ്റ്റാൻഡ് പരിസരം. മലിനജലത്തെ തുടർന്ന് കൊതുകുകടിക്കും പഞ്ഞമില്ല. ബസ് കാത്തുനിൽക്കുന്നവരെ കൂട്ടത്തോടെയാണ് കൊതുകുകളുടെ ആക്രമണം. സ്റ്റാൻഡിന് സമീപത്തെ ഓടകളിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകൾ പെരുകിയതോടെയാണ് കൊതുകുകളുടെ ആക്രമണം വ്യാപകമായത്. മൂടിയില്ലാത്ത ഓടയിൽ മണ്ണും മാലിന്യവും നിറഞ്ഞ് നീരൊഴുക്കും തടസപ്പെട്ട നിലയിലാണ്.


സ്വകാര്യ ഹോട്ടലുകളിലെ മാത്രമല്ല മറ്റ് സ്ഥാപനങ്ങളിലെ ഉൾപ്പെടെ മാലിന്യക്കുഴലുകൾ പലതും നഗരത്തിലെ ഓടയിലേക്കും പൊതുറോഡിലേക്കുമാണ് തുറന്നുവച്ചിരിക്കുന്നത്. നഗരസഭയിലെ ആരോഗ്യ വിഭാഗം അടിയന്തര നടപടികൾ സ്വീകരിക്കണം. -അജോ, യാത്രക്കാരൻ.