
കോട്ടയം: ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിലിടിച്ച് വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ വിദ്യാർത്ഥിനി അനശ്വര മരിച്ച് ഒരുവർഷമായിട്ടും കുടുംബത്തിന് കാര്യമായ സഹായധനം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു ലക്ഷം രുപയാണ് ആകെ കിട്ടിയത്. അതേസമയം വള്ളം തുഴഞ്ഞ അനശ്വരയുടെ മുത്തച്ഛനെ കുറ്റക്കാരനാക്കി ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന കേസ് അന്വേഷണമാണ് ഇപ്പോഴും നടക്കുന്നത്. നവംബർ 15നാണ് അടുത്ത ഹിയറിംഗ്. കഴിഞ്ഞ വർഷം ഒക്ടോബർ 30നായിരുന്നു കരീമഠത്തായിരുന്നു അപകടം. റോഡോ പാലമോ ഇല്ലാത്തതിനാൽ വള്ളത്തിൽ സ്കൂളിലേക്കുള്ള യാത്രക്കിടെ ആലപ്പുഴ -കണ്ണങ്കര സർവീസ് ബോട്ടിടിച്ചാണ് അനശ്വര മരിച്ചത്. മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് ആദ്യം കേസെടുത്തെങ്കിലും ജീവനക്കാർക്കെതിരെ നടപടിയുണ്ടായില്ല. അപകടം തങ്ങളുടെ വീഴ്ചകൊണ്ടല്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് ജലഗതാഗതവകുപ്പ് ഉന്നതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിരുന്നു. വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും വള്ളത്തിന് ലൈസൻസില്ലെന്ന് കണ്ടെത്തി ജലഗതാവകുപ്പ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
ദുരന്തം, പിന്നാലെ പുതിയ പാലം
കരീമഠത്ത് പാലം ഇല്ലാത്തതിനാലായിരുന്നു അനശ്വര വള്ളത്തിൽ സ്കൂളിലേക്ക് പോയിരുന്നത്. അനശ്വരയുടെ ദുരന്തം വേണ്ടിവന്നു ഒറ്റത്തടി പാലത്തിന് പകരം മറ്റൊരു പാലമെന്ന നാട്ടുകാരുടെ സ്വപ്നം യാഥാർത്യമാകാൻ. ഡി.ഡി മച്ചാൻ യൂട്യൂബ് ചാനൽ ഉടമ ഡിച്ചു രണ്ട് ലക്ഷം ചെലവഴിച്ച് ഇരുചക്ര വാഹനങ്ങൾക്ക് കയറാവുന്ന പാലം അനശ്വരയുടെ ഓർമയ്ക്കായി നിർമ്മിച്ചു നൽകി.
മന്ത്രി വി.എൻ.വാസവൻ ഉറപ്പു നൽകിയതുപോലെ വീട്ടിലേക്ക് വലിയ വാഹനങ്ങൾ വരുന്ന റോഡിന് ഫണ്ടായി. ജലഗതാഗതവകുപ്പ് സർവീസ്ബോട്ട് വള്ളത്തിൽ വന്നിടിച്ചതോടെ വള്ളം ഉലഞ്ഞു വെള്ളത്തിലേക്ക് തെറിച്ചുവീണാണ് അനശ്വര മരിച്ചത്.
രമേശ് ചെങ്ങളം (അനശ്വരയുടെ പിതൃസഹോദരൻ )