
കോട്ടയം: റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന പൈപ്പുകളിൽ തട്ടി യുവാവിന്റെ ജിവൻ പൊലിഞ്ഞതിന് പിന്നാലെ വാട്ടർ അതോറിട്ടി അധികൃതരുടെ കണ്ണ് തുറന്നു. കൊല്ലാട് മലമേൽക്കാവ് ക്ഷേത്രത്തിനു സമീപം മരണക്കെണിയായിക്കിടന്നിരുന്ന പൈപ്പുകൾ നിന്നും നീക്കി.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതിന് എത്തിച്ച പൈപ്പുകളാണ് റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്നത്.
കഴിഞ്ഞദിവസം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പൈപ്പിലേയ്ക്ക് ഇടിച്ചുകയറി പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ പി.സി ബാബുവിന്റെയും സരസുവിന്റെയും മകൻ ശ്രീകുമാറാണ് (30) മരിച്ചത്. ഇന്നലെ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ പൈപ്പ് സ്ഥാപിക്കൽ നടക്കുന്നയിടത്തേക്കാണ് പൈപ്പുകൾ മാറ്റിയത്.
റോഡരിക് കവർന്ന്
മണർകാട്, പുതുപ്പള്ളി, കൊല്ലാട്, കളത്തിൽക്കടവ്, എറികാട്, കോടിമത ബൈപ്പാസ് തുടങ്ങി നിരവധിയിടങ്ങളിലാണ് യാത്രക്കാർക്ക് ഭീഷണിയായി റോഡരികിൽ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിൽ തള്ളിയിട്ട് ഏറെക്കാലമായെങ്കിലും വാട്ടർഅതോറിട്ടി അധികൃതർ തിരഞ്ഞുനോക്കിയിട്ടില്ല. വളവുകളിൽ പോലും റോഡരികിൽ പൈപ്പ് സ്ഥാനംപിടിച്ചതോടെ അപകടം അങ്ങനെ തുറിച്ചുനോക്കുകയാണ്. കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും കാടുമറഞ്ഞ നിലയിലാണ്. വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇടയാക്കുന്നു.