പാലാ: നഗരത്തിലും സമീപപ്രദേശങ്ങളിലും അനധികൃത മദ്യവില്പനയും കഞ്ചാവ് മയക്കുമരുന്ന് വില്പനയും വ്യാപകമായി. നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് ഇന്നലെ കൊട്ടാരമറ്റത്തുനിന്ന് അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കുറച്ച് മദ്യം പിടിച്ചെടുത്തു എന്നതൊഴിച്ചാൽ എക്‌സൈസ് വകുപ്പിന്റെ പരിശോധനയും അന്വേഷണവും ഒട്ടും കാര്യക്ഷമമല്ലായെന്ന ആക്ഷേപം ഉയരുകയാണ്.

നഗരത്തിന് സമീപ പ്രദേശങ്ങളിലെ അനധികൃത മദ്യവില്പന തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം നേതാക്കൾ കഴിഞ്ഞ ദിവസം എക്‌സൈസ് റേഞ്ച് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അല്പമൊന്ന് ഉണർന്ന അധികാരികൾ ഇന്നലെ കൊട്ടാരമറ്റത്ത് വാഹനത്തിൽ കടത്തുകയായിരുന്ന മദ്യം വാഹനം തടഞ്ഞ് പിടിച്ചെടുക്കുകയായിരുന്നു. അനധികൃത വില്പനയ്ക്കായി സമാഹരിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ടെങ്കിലും എക്‌സൈസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

നഗരത്തിലെമ്പാടും മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നടക്കുന്ന വിദ്യാർത്ഥികളുമുണ്ട് എന്നുള്ളതും ഞെട്ടിക്കുന്ന കാര്യമാണ്. ഇന്നലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയും സ്റ്റേഡിയം കാവൽക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തത് പതിനേഴ് വയസിന് താഴെ പ്രായമുള്ള നാലുപേരെയാണ്. ഇവർ മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

പാതിമയക്കത്തിൽ ടൗൺ ബസ് സ്റ്റാൻഡിലും മറ്റും കിറുങ്ങി നടക്കുന്ന വിദ്യാർത്ഥികളെയും കാണാം

ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ യഥേഷ്ടം അനധികൃത മദ്യവില്പനയും നടക്കുന്നുണ്ട്. എന്നാൽ എക്‌സൈസ് അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടില്ല. പരാതി ഏറെ ഉയരുമ്പോൾ റെയ്ഡ് പ്രഹസനം നടത്തി പണിയവസാനിപ്പിക്കുകയാണ് അധികാരികൾ എന്നാണ് ആക്ഷേപമുയരുന്നത്.

നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അനധികൃത മദ്യവില്പനയ്‌ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ എക്‌സൈസ് അധികാരികൾ തയ്യാറാകണം.

-പി. പോത്തൻ, പാലാ പൗരസമിതി പ്രസിഡന്റ്