കോട്ടയം: ഇനി അപകടരഹിതമായി റോഡ് കുറുകെ കടക്കാം... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കുമായി ഭൂഗർഭ അടിപ്പാത തുറന്നു നൽകി. പൊതുമരാമത്ത് വകുപ്പ് 1.30 കോടി രൂപ ചെലവഴിച്ചാണ് ഭൂഗർഭ അടിപ്പാത നിർമിച്ചത്. ശിലാഫലകം അനാഛാദനം ചെയ്ത് അടിപ്പാത മന്ത്രി നാടിന് സമർപ്പിച്ചു. മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1981 എം.ബി.ബി.എസ്. ബാച്ച് 22 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മാലിന്യശേഖരണത്തിനായി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു.

അടിപ്പാതയിലെ സൗകര്യങ്ങൾ
സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് അടിപ്പാത നിർമാണം പൂർത്തിയാക്കിയത്. മന്ത്രി വി.എൻ. വാസവനാണ് മെഡിക്കൽ കോളജിലേക്ക് സുരക്ഷിതമായി കടക്കാൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്. 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ 129.80 ലക്ഷം രൂപ അടിപ്പാത നിർമാണത്തിനായി വകയിരുത്തി. ആറുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കി. അഞ്ചുവർഷമാണ് പരിപാലന കാലാവധി. അടിപ്പാതയ്ക്കു 18 മീറ്റർ നീളവും, അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. ആധുനിക രീതിയിലുള്ള അലങ്കാരവും വൈദ്യുതീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന നടപ്പാതയിൽകൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയിൽ പ്രവേശിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് എത്താം. സി.സി. ടി.വി.യും ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കളക്ടർ ജോൺ വി. സാമുവൽ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി തുടങ്ങിയവർ പങ്കെടുത്തു.